2026 ഫിഫ ലോകകപ്പ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണി. ബി.ബി.സിയിലെ ദി വെയ്ന്‍ റൂണി ഷോയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസിനോട് സംസാരിക്കുകയായിരുന്നു റൂണി. ലോകകപ്പ് വിജയത്തോട് കൂടി റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കുന്നത് അത്ഭുതകരമായ കാര്യമായിരിക്കുമെന്ന ബ്രൂണോയുടെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു ഇംഗ്ലണ്ട് ഇതിഹാസം.

‘ക്രിസ്റ്റ്യാനോ ലോകകപ്പ് നേടി കരിയര്‍ അവസാനിപ്പിക്കുന്നത് അതിശയകരമായിരിക്കും. ഇത് പോര്‍ച്ചുഗലിന് മാത്രമല്ല, റൊണാള്‍ഡോ ഫുട്‌ബോള്‍ ലോകത്തിനായി ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും വേണ്ടിയാണ്. അത് സാധ്യമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, ബ്രൂണോ ഫെര്‍ണാണ്ടസ് പറഞ്ഞു.

‘നിങ്ങളും ക്രിസ്റ്റ്യാനോയും ലോകകപ്പ് നേടുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോകകപ്പ് നന്നായി ആസ്വദിക്കൂ. നിങ്ങള്‍ നന്നായി ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ റൂണി മറുപടി നല്‍കി.

ഫുട്‌ബോളില്‍ അവിസ്മരണീയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ റൊണാള്‍ഡോ ഇതുവരെ നേടാനാവാത്ത ലോക കിരീടം പോര്‍ച്ചുഗലിനോപ്പം സ്വന്തമാക്കാനായിരിക്കും ഇത്തവണ ലക്ഷ്യം വെക്കുന്നത്. ഈ ലോകകപ്പില്‍ റൊണാള്‍ഡോക്ക് ഒരു ചരിത്രനേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. 2026 ലോകകപ്പില്‍ ഒരു ഗോള്‍ നേടിയാല്‍ ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറാന്‍ റൊണാള്‍ഡോക്ക് സാധിക്കും .2006, 2010, 2014, 2018, 2022 എന്നീ ടൂര്‍ണമെന്റുകളിലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ഗോള്‍ നേടിയിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ

നിലവില്‍ തന്റെ 41ാം വയസിലും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് റൊണാള്‍ഡോ നടത്തിക്കൊണ്ടിരിക്കുന്നത്. ലോകകപ്പിലും റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ നിന്നും അത്ഭുതങ്ങള്‍ പിറക്കുമെന്നാണ് ഫുട്ബോള്‍ ലോകം ഉറച്ചുവിശ്വസിക്കുന്നത്. ലോകകപ്പില്‍ ഗ്രൂപ്പ് കെ.യിലാണ് പറങ്കിപ്പട ഇടം നേടിയിട്ടുള്ളത്. കൊളംബിയ, ഉസ്ബക്കിസ്ഥാന്‍, ഡി.ആര്‍. കോംഗോ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

2022 ലോകകപ്പില്‍ പോര്‍ച്ചുഗലിന് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മാത്രമേ എത്താന്‍ സാധിച്ചുള്ളൂ. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും വിജയിച്ച് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവുമായാണ് പറങ്കിപ്പട റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ പ്രവേശിച്ചത്.

പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡിനെ 6-1ന് തോല്‍പ്പിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറി. എന്നാല്‍, ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്താവുകയായിരുന്നു. ഖത്തറിന്റെ മണ്ണില്‍ വീണ കണ്ണീര്‍ 2026ല്‍ കിരീടം നേടിക്കൊണ്ട് അവസാനിപ്പിക്കാനാവും റൊണാള്‍ഡോയും സംഘവും ലക്ഷ്യം വെക്കുക.

Content Highlight: Weyn Roony Talks he want to see Cristiano Ronaldo will Win the world cup