ഞങ്ങള്‍ എന്‍.ഡി.എയ്ക്ക് ഒപ്പം; എന്‍.സി.പി ലയനമുണ്ടാകില്ലെന്ന് സുനില്‍ താത്ക്കറെ
India
ഞങ്ങള്‍ എന്‍.ഡി.എയ്ക്ക് ഒപ്പം; എന്‍.സി.പി ലയനമുണ്ടാകില്ലെന്ന് സുനില്‍ താത്ക്കറെ
അനിത സി
Sunday, 1st February 2026, 11:05 pm

മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുടെ നിര്യാണത്തിന് പിന്നാലെ ശക്തമായ എന്‍.സി.പി പാര്‍ട്ടികളുടെ ലയനം സംബന്ധിച്ച ഊഹാപോഹങ്ങള്‍ തള്ളി എന്‍.സി.പി മഹാരാഷ്ട്ര അധ്യക്ഷനും ലോക്‌സഭാ എം.പിയുമായ സുനില്‍ താത്ക്കറെ.

‘ഞങ്ങള്‍ എന്‍.ഡി.എയ്ക്ക് ഒപ്പമാണ്. എന്‍.ഡി.എയില്‍ തന്നെ തുടരും’, താത്ക്കറെ പറഞ്ഞു. അജിത് പവാറിന്റെ അന്ത്യ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് ഉയരുന്ന ലയന ചര്‍ച്ചകളെ അദ്ദേഹം വിമര്‍ശിച്ചു.

എന്തിനാണ് ഇത്തരം ചര്‍ച്ചകളെന്ന് അദ്ദേഹം ചോദ്യം ചെയ്തു. എന്നാല്‍ ലയനത്തെ താന്‍ ഒരിക്കലും എതിര്‍ത്തിട്ടില്ലെന്നും താത്ക്കറെ പറഞ്ഞു.

‘അജിത് ദാദയുടെ പാര്‍ട്ടിയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രവും ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. ഞങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. എന്‍.ഡി.എയില്‍ ഉറച്ചുനില്‍ക്കുന്നത് അജിത് ദാദ നന്നായി ആലോചിച്ചെടുത്ത തീരുമാനമായിരുന്നു’, സുനില്‍ താത്ക്കറെ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ശിവാജി മഹാരാജ്, ജ്യോതിബ ഫൂലെ, ഷാഹു മഹാരാജ്, ബി.ആര്‍ അംബേദ്ക്കര്‍ എന്നിവരില്‍ നിന്നും ഉള്‍ക്കൊണ്ട മൂല്യങ്ങള്‍ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അജിത് പവാറിന്റെ പിന്‍ഗാമിയായി ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ സത്യപ്രതിജ്ഞ ചെയ്തതിനെതിരായ വിമര്‍ശനങ്ങളെ തത്ക്കറെ നിസാരവത്കരിച്ചു. ജനാധിപത്യത്തില്‍ ഇത്തരത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാവുന്നത് സ്വാഭാവികമാണെന്നായിരുന്നു തത്ക്കറെയുടെ പ്രതികരണം.

അതേസമയം, ലയനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നെന്നും ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിന് ശേഷം ലയന വിഷയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി അജിത് പവാര്‍ അറിയിച്ചിരുന്നെന്നും എന്‍.സി.പി (എസ്.പി) സംസ്ഥാന അധ്യക്ഷന്‍ ശശികാന്ത് ഷിന്‍ഡെ പ്രതികരിച്ചു.

രണ്ട് എന്‍.സി.പി പാര്‍ട്ടികളും ലയിക്കുന്നത് സംബന്ധിച്ച് എല്ലാവര്‍ക്കും അറിയാമായിരുന്നു. മൂന്ന്-നാല് മാസമായി ലയന ചര്‍ച്ച നടക്കുകയായിരുന്നു. സുനില്‍ തത്ക്കറെ, ഛഗന്‍ ഭുജ്ബല്‍, പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ക്ക് ലയന ചര്‍ച്ചകളെ കുറിച്ച് അറിയാമായിരുന്നു. എന്‍.സി.പി ലയനത്തെ എതിര്‍ക്കാന്‍ ആര്‍ക്കും കാരണങ്ങളില്ലായിരുന്നെന്നും അജിത് പവാറിന്റെ അടുത്ത അനുയായിയായ അന്ന ബന്‍സോദ് പ്രതികരിച്ചു.

Content Highlight: We are with NDA; NCP will not merge, says Sunil Tatkare

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍