എളുപ്പമായിരിക്കില്ല; ഈ സീസണ്‍ അവസാനിക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവിടെയുണ്ടാകുമെന്ന് റൂണി
Sports News
എളുപ്പമായിരിക്കില്ല; ഈ സീസണ്‍ അവസാനിക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവിടെയുണ്ടാകുമെന്ന് റൂണി
ആദർശ് എം.കെ.
Tuesday, 18th August 2026, 6:34 pm

 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കൈ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഭാവിയെ കുറിച്ച് മുന്‍ താരവും ഇംഗ്ലീഷ് ഇതിഹാസവുമായ വെയ്ന്‍ റൂണി.

കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത റെഡ് ഡെവിള്‍സ് ഇത്തവണ നാലാമതായി സീസണ്‍ അവസാനിപ്പിക്കുമെന്നാണ് താരത്തിന്റെ വിലയിരുത്തല്‍.

വെയ്ന്‍ റൂണി

പ്രിമിയര്‍ ലീഗിന്റെ ടൈറ്റില്‍ റേസില്‍ ഉണ്ടാവുകയെന്നത് ക്ലബ്ബിനെ സംബന്ധിച്ച് അപ്രായോഗികമാണെന്ന് പറഞ്ഞ റൂണി, യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നിലനിര്‍ത്തുന്നതിനായിരിക്കണം യുണൈറ്റഡ് മുന്‍ഗണന നല്‍കേണ്ടതെന്നും വ്യക്തമാക്കി.

‘ആദ്യ നാലിലെത്തുമെന്ന് ഞാന്‍ പറയും. നാലാം സ്ഥാനത്തായിരിക്കും അവര്‍ എത്തുക എന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങള്‍ ആഴ്‌സണലിനെയും മാഞ്ചസ്റ്റര്‍ സിറ്റിയെയും നോക്കൂ… ഇത്തവണ ചെല്‍സി കൂടുതല്‍ കരുത്തരാകും, ടോട്ടന്‍ഹാമും മെച്ചപ്പെടും. ഒപ്പം ലിവര്‍പൂളുമുണ്ട്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ല.

ആഴ്‌സണലിന് ലീഗില്‍ മുന്നേറാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അവരില്‍ വലിയ മാറ്റങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നാലാം സ്ഥാനത്ത് എത്തുമെന്നാണ് ഞാന്‍ കരുതുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീണ്ടും ചാമ്പ്യന്‍സ് ലീഗില്‍ എത്തിക്കാന്‍ മൈക്കല്‍ കാരിക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ട് ഇനി ക്ലബ്ബിന് ആ സ്റ്റാന്‍ഡേര്‍ഡ് നിലനിര്‍ത്തേണ്ടതുണ്ട്.

ഈ വര്‍ഷം അവര്‍ പ്രീമിയര്‍ ലീഗ് നേടുമെന്ന് കരുതുന്നത് അപ്രായോഗികമാണ്, അവര്‍ അത് നേടുമെന്ന് ഞാന്‍ കരുതുന്നില്ല,’ റൂണി പറഞ്ഞു.

ഈ സീസണില്‍ ആഴ്‌സണലിനാകും കിരീടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ റൂബന്‍ അമോരിമിന് കീഴില്‍ ബുദ്ധിമുട്ടിയ യുണൈറ്റഡ്, ജനുവരിയില്‍ അദ്ദേഹത്തെ പുറത്താക്കിയ ശേഷം മൈക്കല്‍ കാരിക്കിന് കീഴില്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് തൊട്ടുപിന്നില്‍ മൂന്നാമതായി സീസണ്‍ അവസാനിപ്പിച്ച് അവര്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി. തുടര്‍ന്ന് മൈക്കല്‍ കാരിക്കിന് യുണൈറ്റഡ് സ്ഥിരം പരിശീലകസ്ഥാനം നല്‍കുകയും ചെയ്തു.

മൈക്കല്‍ കാരിക്

ഈ സമ്മറില്‍ യുറി ടീലമന്‍സ്, ആന്ദ്രേ സാന്റോസ് എന്നിവരെ മധ്യനിരയിലേക്കും കാള്‍ ഡാഫ്‌ലോയെ ബാക്കപ്പ് ഗോള്‍കീപ്പറായും യുണൈറ്റഡ് ടീമിലെത്തിച്ചിട്ടുണ്ട്.

ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ വേതനം ഇരട്ടിയാക്കാമെന്ന ഗളറ്റാസരേയുടെ ഓഫര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിരസിച്ചു. കഴിഞ്ഞ സീസണില്‍ 21 അസിസ്റ്റുകളോടെ പ്രീമിയര്‍ ലീഗ് റെക്കോര്‍ഡ് സ്വന്തമാക്കിയ ബ്രൂണോയെ യാതൊരു കാരണവശാലും വില്‍ക്കില്ലെന്ന നിലപാടിലാണ് ക്ലബ്.

ഓഗസ്റ്റ് 22നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യ മത്സരത്തിനിറങ്ങുന്നത്. സീസണില്‍ പ്രൊമോഷന്‍ ലഭിച്ച ഹള്‍ സിറ്റിയാണ് എതിരാളികള്‍. ടൈഗേഴ്‌സിന്റെ ഹോം സ്‌റ്റേഡിയമായ എം.കെ.എം സ്‌റ്റേഡിയമാണ് വേദി.

 

Content Highlight: Wayne Rooney predicts Manchester United will finish fourth in the 2026/27 Premier League.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.