അവന്‍ മികച്ച ഫോമിലാണെങ്കില്‍ എതിരാളികള്‍ക്ക് അതീവ അപകടകാരിയാണ്: വസീം ജാഫര്‍
Cricket
അവന്‍ മികച്ച ഫോമിലാണെങ്കില്‍ എതിരാളികള്‍ക്ക് അതീവ അപകടകാരിയാണ്: വസീം ജാഫര്‍
ശ്രീരാഗ് പാറക്കല്‍
Saturday, 25th July 2026, 4:00 pm

ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. സ്വന്തം ശൈലിയിലുള്ള വിശ്വാസം കൈവിടാത്ത താരമാണ് വൈഭവെന്നും വിരേന്ദര്‍ സെവാഗിനെ പോലെയാണ് വൈഭവെന്നും ജാഫര്‍ പറഞ്ഞു. വൈഭവ് ഫോമിലാണെങ്കില്‍ എതിരാളികള്‍ക്ക് അതീവ അപകടകാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘റണ്‍സ് നേടാനാകാതെ വരുമ്പോള്‍ സ്വയം സംശയിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ സ്വന്തം കളിശൈലിയിലുള്ള വിശ്വാസം ഒരിക്കലും കൈവിടരുത്. വീരു (വീരേന്ദര്‍ സെവാഗ്) അങ്ങനെയായിരുന്നു കളിച്ചിരുന്നത്. ഇപ്പോഴുള്ള ഫോം എന്തുതന്നെയായാലും വൈഭവ് തന്റെ നിര്‍ഭയമായ സമീപനം തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

അവന്‍ മികച്ച ഫോമിലാണെങ്കില്‍ എതിരാളികള്‍ക്ക് അതീവ അപകടകാരിയാണ്. എന്നാല്‍ റണ്‍സ് ലഭിക്കാത്ത സമയത്തുപോലും, താന്‍ എങ്ങനെയാണ് റണ്‍സ് കണ്ടെത്തുന്നതെന്ന് അറിയാവുന്നതുകൊണ്ട് സ്വന്തം കളിയില്‍ വിശ്വാസം പുലര്‍ത്തണം. വൈഭവിനെക്കുറിച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങളിലൊന്നും അതുതന്നെയാണ്,’ വസീം ജാഫര്‍ തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ പറഞ്ഞു.

സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഹരാരേ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

യുവതാരം വൈഭവ് സൂര്യവംശിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

അതേസമയം സിംബാബ്വേയ്ക്കെതിരായ രണ്ടാം ടി-20 മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യ. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബിലാണ് മത്സരം നടക്കുന്നത്. പരമ്പര ലക്ഷ്യംവെച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. എന്ത് വിലകൊടുത്തും മത്സരം വിജയിച്ച് പരമ്പര പ്രതീക്ഷകള്‍ നിലനിര്‍ത്താനാണ് സിംബാബ്വേയും കളത്തിലെത്തുന്നത്.

Content Highlight: Wasim Jaffer Talking About Vaibhav Sooryavanshi

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ