ഹര്‍ദിക് പാണ്ഡ്യ കാരണം മുംബൈ മോശമായി കളിച്ചുവെന്ന് പറയാനാവില്ല; പിന്തുണയുമായി വസീം ജാഫര്‍
ഐ.പി.എല്ലില്‍ ലഖ്‌നൗവിനെതിരായ മത്സരത്തില്‍ മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ കളിച്ചിരുന്നില്ല. പുറം വേദന കാരണമാണ് താരം കളിക്കാത്തത് എന്നാണ് പല റിപ്പോര്‍ട്ടുകളിലുമുള്ളത്. പാണ്ഡ്യയ്ക്ക് പകരം സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്തത്.
ഇപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പിന്തുണയുമായി വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. മുംബൈ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും ഹര്‍ദിക് കാരണം ടീം മോശമായി കളിച്ചെന്ന് പറയാന്‍ കഴിയില്ലെന്ന് വസീം ജാഫര്‍ പറഞ്ഞു. ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ട്രെന്റ് ബോള്‍ട്ട് തുടങ്ങിയ താരങ്ങളും കളിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഈ തീരുമാനങ്ങളെല്ലാം ടൂര്‍ണമെന്റിന് ശേഷമാണ് എടുക്കേണ്ടത്. ടൂര്‍ണമെന്റിന്റെ മധ്യത്തില്‍ ആരും ഇതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അവര്‍ (മുംബൈ) ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. അവര്‍ മോശം പ്രകടനം കാഴ്ചവെച്ചു, പക്ഷേ ഹര്‍ദിക് പാണ്ഡ്യ കാരണം ഈ ടീം മോശമായി കളിച്ചുവെന്ന് പറയാനാവില്ല.

ഹര്‍ദിക് പാണ്ഡ്യ
മറ്റ് കളിക്കാരും നന്നായി കളിച്ചിട്ടില്ല, ടീമില്‍ പരിക്കിന്റെ പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. തെറ്റായ സമയത്താണ് രോഹിതിന് പരിക്കേറ്റത്, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്ക് ഫോമില്ലായിരുന്നു,’ വസീ ജാഫര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ലഖ്നൗവിനോടുള്ള മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈ വിജയം നേടിയത്. മത്സരത്തില്‍ ലഖ്നൗ ഉയര്‍ത്തിയ 228 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് മുംബൈ എട്ട് പന്ത് അവശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. സീസണില്‍ തങ്ങളുടെ മൂന്നാം വിജയമാണ് മുംബൈ സ്വന്തമാക്കുന്നത്. ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണ് ടീമിനുള്ളത്.
ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയം മാത്രമാണ് മുംബൈയ്ക്കുള്ളത്. മാത്രമല്ല ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മോശം പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. എട്ട് മത്സരങ്ങളില്‍ നിന്ന് 146 റണ്‍സാണ് താരത്തിന് ഇതുവരെ നേടാനായത്. നാല് വിക്കറ്റുകളാണ് താരത്തിനുള്ളത്.
Content Highlight: Wasim Jaffer Talking About Hardik Pandya