ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് സ്‌ക്വാഡില്‍ ഇടം നേടിയ സാരാന്‍ഷ് ജെയ്‌നിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും ആഭ്യന്തര തലത്തിലെ ഇതിഹാസവുമായ വസീം ജാഫര്‍.

ആഭ്യന്തര തലത്തില്‍, പ്രത്യേകിച്ചും റെഡ് ബോള്‍ ഫോര്‍മാറ്റില്‍ സാരാന്‍ഷ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും ഇതുകൊണ്ട് തന്നെ അവന് ടീമിലേക്ക് വിളിയെത്തിയതില്‍ അത്ഭുതപ്പെടുന്നില്ലെന്നും വസീം ജാഫര്‍ പറഞ്ഞു.

വസീം ജാഫർ. Photo: CricketGully/x.com

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുരയായിരുന്നു അദ്ദേഹം.

‘എനിക്ക് ഒട്ടും അത്ഭുതം തോന്നിയില്ല, കാരണം അവന്‍ ആഭ്യന്തര തലത്തില്‍, പ്രത്യേകിച്ചും റെഡ് ബോള്‍ ക്രിക്കറ്റില്‍ അവന്‍ മികച്ച പ്രകടനമാണ് പുറത്തെടത്തുകൊണ്ടിരുന്നത്.

ലോങ്ങര്‍ ഫോര്‍മാറ്റില്‍ അവന്‍ വളരെ കഠിനാധ്വാനം ചെയ്യുന്നു. പഴയ തലമുറയിലെ സ്പിന്നര്‍മാരെ ഓര്‍മിപ്പിക്കുന്ന ശൈലിയാണ് അവന്റേത്. അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ വേരിയേഷനുകള്‍ കണ്ടെന്നു വരില്ല, എന്നാല്‍ ഒരേ സ്ഥലത്ത് തന്നെ പന്ത് തുടര്‍ച്ചയായി എറിയാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്.

സാരാന്‍ഷ് ജെയ്‌ന്‍

അദ്ദേഹത്തിന്റെ സീം പ്രസന്റേഷന്‍ വളരെ മികച്ചതാണ്; രവിചന്ദ്രന്‍ അശ്വിന്‍, ഹര്‍ഭജന്‍ സിങ് തുടങ്ങിയ ബൗളര്‍മാരില്‍ നമ്മള്‍ കണ്ടിട്ടുള്ള ഒന്നാണത്. അതുകൊണ്ട് തന്നെ, ഇത് വളരെ നല്ലൊരു സെലക്ഷന്‍ ആണെന്ന് ഞാന്‍ കരുതുന്നു,’ വസീം ജാഫര്‍ പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 54 മത്സരത്തിലെ 97 ഇന്നിങ്സുകളില്‍ പന്തെടുത്ത ജെയ്ന്‍ 27.30 ശരാശരിയില്‍ 188 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. പത്ത് വീതം ഫോര്‍ഫറുകളും ഫൈഫറുകളും താരത്തിന്റെ പേരിലുണ്ട്.

ഓഗസ്റ്റ് 15നാണ് ഇന്ത്യ – ശ്രീലങ്ക പരമ്പരയിലെ ആദ്യ മത്സരം. ഗല്ലെയാണ് വേദി.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സായ് സുദര്‍ശന്‍*, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, ജസ്പ്രീത് ബുംറ*, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയ്ന്‍

*നിലവില്‍ പരിക്ക് പൂര്‍ണമായും ഭേദമാകാത്ത താരങ്ങള്‍.

 

Content Highlight: Wasim Jaffer praises Saransh Jain