ഓഗസ്റ്റില്‍ സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. കറുപ്പിന്റെ ചരിത്രവിജയത്തിന് ശേഷം സൂര്യ നായകനായെത്തുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നു. സമീപകാലത്ത് സൂര്യയെ ഏറ്റവും സ്റ്റൈലിഷായി അവതരിപ്പിച്ച അപ്‌ഡേറ്റുകളായിരുന്നു വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റേത്.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇതുവരെ വന്ന അപ്‌ഡേറ്റുകള്‍ ശരിവെക്കുന്ന തരത്തില്‍ ഫീല്‍ ഗുഡ് ഴോണറിലൊരുങ്ങുന്ന ചിത്രമാണ് ഇതെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു. കഥയെക്കുറിച്ച് ഏകദേശരൂപവും ട്രെയ്‌ലറില്‍ പറഞ്ഞുവെക്കുന്നുണ്ട്. സൂര്യ അവതരിപ്പിക്കുന്ന സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രത്തെയും അയാളുടെ മകനെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
തന്റെ മകനായ അഭ്യങ്കറിന് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ചെയ്യേണ്ടി വരുന്നതും അതിനായി ഒരു ഡോണറെ അന്വേഷിക്കുകയും ചെയ്യുന്ന സഞ്ജയ് വിശ്വനാഥായാണ് സൂര്യ വേഷമിടുന്നത്. ഡോണറായി മാഡി എന്ന കഥാപാത്രത്തെയാണ് മമിത അവതരിപ്പിക്കുന്നത്. സര്‍ജറിക്ക് മുമ്പ് സഞ്ജയ്‌യുടെ വീട്ടിലേക്കെത്തുന്ന മാഡിക്ക് അയാളോട് തോന്നുന്ന പ്രണയവും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥ.
പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ബോക്‌സ് ഓഫീസിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ സൂര്യക്ക് സാധിക്കും. 13 വര്‍ഷമായി നല്ലൊരു തിയേറ്റര്‍ ഹിറ്റില്ലാതിരുന്നതിന് ശേഷം കറുപ്പിലൂടെയാണ് താരം തിരിച്ചുവന്നത്. കറുപ്പിന്റെ വിജയം വിശ്വനാഥ് ആന്‍ഡ് സണ്‍സില്‍ ആവര്‍ത്തിക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സൂര്യക്കും മമിതക്കും പുറമെ രാധിക ശരത്കുമാര്‍, സുനില്‍ റെഡ്ഡി, രവീണ ടണ്ടന്‍ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജി.വി പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. ഓഗസ്റ്റ് 14ന് വിശ്വനാഥ് ആന്‍ഡ് സണ്‍സ് തിയേറ്ററുകളിലെത്തും.
Content Highlight: Viswanath and Sons trailer out now