കേരളം ദളപതി കോട്ടയാണെങ്കില്‍ ആന്ധ്ര സൂര്യയുടെ ടെറിട്ടറിയാ, ഫീല്‍ഗുഡ് സിനിമ വെച്ച് ലിയോയെ ഭിത്തിയിലൊട്ടിച്ച് ദി വണ്‍
Indian Cinema
കേരളം ദളപതി കോട്ടയാണെങ്കില്‍ ആന്ധ്ര സൂര്യയുടെ ടെറിട്ടറിയാ, ഫീല്‍ഗുഡ് സിനിമ വെച്ച് ലിയോയെ ഭിത്തിയിലൊട്ടിച്ച് ദി വണ്‍
അമര്‍നാഥ് എം.
Sunday, 23rd August 2026, 5:00 pm

സ്വന്തം നാടിന് പുറത്ത് മറ്റൊരു സംസ്ഥാനത്ത് ഡൈ ഹാര്‍ഡ് ഫാന്‍ബേസ് സ്വന്തമാക്കുക എന്നത് ഏതൊരു സൂപ്പര്‍താരത്തിന്റെയും സ്വപ്‌നമാണ്. ഇന്ത്യന്‍ സിനിമയില്‍ വളരെ കുറച്ച് താരങ്ങള്‍ക്ക് മാത്രമേ ഇങ്ങനെയൊരു ഹോള്‍ഡ് സൃഷ്ടിക്കാന്‍ സാധിച്ചിട്ടുള്ളൂ. ഇന്ത്യയൊട്ടാകെ ഫാന്‍ ബേസുള്ളത് രജിനികാന്തിനും, ഷാരൂഖ് ഖാനും മാത്രമാണ്. ഇവരെ മാറ്റിനിര്‍ത്തിയാല്‍ ഇത്രയും ഫാന്‍ ബേസുള്ള താരങ്ങള്‍ കുറവാണ്.

തമിഴ് സൂപ്പര്‍താരങ്ങളായ വിജയ്ക്കും സൂര്യക്കും ഹോം സ്‌റ്റേറ്റിന് പുറമെ മറ്റിടങ്ങളിലും ഫാന്‍ ബേസുണ്ട്. തമിഴിലെ ക്രൗഡ് പുള്ളറായ വിജയ്ക്ക് കേരളത്തിലുള്ള ഫാന്‍ബേസ് അവിശ്വസനീയമാണ്. കേരളത്തില്‍ മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ റെക്കോഡുകളുള്ളത് വിജയ്‌യുടെ പേരിലാണ്. ദളപതിക്കോട്ട എന്നാണ് ആരാധകര്‍ കേരള ബോക്‌സ് ഓഫീസിനെ വിശേഷിപ്പിക്കുന്നത്.

വിജയ്ക്ക് കേരളമാണെങ്കില്‍ സൂര്യയുടെ ഏരിയ ആന്ധ്ര/ തെലങ്കാനയിലാണ്. വര്‍ഷങ്ങള്‍ കൊണ്ട് സൂര്യ ഇവിടെ നേടിയെടുത്ത സ്റ്റാര്‍ഡം അവിടുത്തെ ചില താരങ്ങള്‍ക്ക് പോലും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഗജിനി മുതല്‍ക്കിങ്ങോട്ട് സൂര്യയുടെ സിനിമകള്‍ ആന്ധ്രയില്‍ ഭേദപ്പെട്ട കളക്ഷന്‍ സ്വന്തമാക്കി. ഇടക്ക് താരത്തിന്റെ ഡൗണ്‍ഫാള്‍ ആന്ധ്രയിലെ ഹോള്‍ഡിനെ ബാധിച്ചെങ്കിലും പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സൂര്യ.

ഏറ്റവും പുതിയ ചിത്രമായ വിശ്വനാഥ് ആന്‍ഡ് സണ്‍സ് ആന്ധ്രയില്‍ നിന്ന് മാത്രം 50 കോടിയിലേറെ നേടിയിരിക്കുകയാണ്. ആന്ധ്രയില്‍ ഒരു തമിഴ് സിനിമയുടെ ഏറ്റവുമുയര്‍ന്ന കളക്ഷനില്‍ നാലാം സ്ഥാനം വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ പേരിലാണ്. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ വിജയമായ ലിയോയുടെ ആന്ധ്ര കളക്ഷനെ മറികടന്നാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ് മുന്നേറിയത്.

48 കോടിയാണ് ലിയോ ആന്ധ്രയില്‍ നിന്ന് നേടിയത്. എല്‍.സി.യു, ലോകേഷ് കനകരാജ് ഹൈപ്പ് ഫാക്ടറാണ് ലിയോയുടെ കളക്ഷന് ഗുണം ചെയ്തത്. എന്നാല്‍ സൂര്യയാകട്ടെ കരിയറിലെ ഏറ്റവും മോശം അവസ്ഥയില്‍ നിന്ന് കരകയറി ഒരു ഫീല്‍ഗുഡ് ചിത്രം കൊണ്ടാണ് ആന്ധ്ര ബോക്‌സ് ഓഫീസില്‍ റെക്കോഡിട്ടതെന്നും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

വിശ്വനാഥ് ആന്‍ഡ് സണ്‍സിന് മുമ്പ് വന്ന സൂര്യയുടെ കറുപ്പും ആന്ധ്രയില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. വീരഭദ്രുഡു എന്ന് പേരിട്ട തെലുങ്ക് പതിപ്പ് 40 കോടിക്കടുത്താണ് നേടിയത്. വിശ്വനാഥ് ആന്‍ഡ് സണ്‍സ് ആന്ധ്രയില്‍ കുതിക്കുമ്പോള്‍ ഹോം ടെറിടറിയില്‍ കിതക്കുകയാണ്. ഇതുവരെ 40 കോടി മാത്രമാണ് വിശ്വനാഥിന് തമിഴ്‌നാട്ടില്‍ നിന്ന് നേടാനായത്.

Content Highlight: Viswanath and Sons crossed Andhra collection of Leo movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം