വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമായിരുന്നു സ്വന്തമാക്കിയത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ഗില്ലും സംഘവും സ്വന്തമാക്കിയത്.
മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുടെയും ക്യാപ്റ്റന്‍ ഗില്ലിന്റെയും സെഞ്ച്വറി കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം. 108 പന്തില്‍ 13 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 110 റണ്‍സാണ് ഗില്‍ നേടിയത്.
അതേസമയം 88 പന്തുകളില്‍ നിന്ന് പത്ത് ഫോറും ഒമ്പത് സിക്‌സുമുള്‍പ്പെടെ 139 റണ്‍സാണ് വിരാട് അടിച്ചുകൂട്ടിയത്. 157.95 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും വിരാടിനുണ്ടായിരുന്നു. ഏകദിന കരിയറിലെ കിങ്ങിന്റെ 55ാം സെഞ്ച്വറിയാണിത്. മാത്രമല്ല ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ 10ാം സെഞ്ച്വറിയും വിരാടിന് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും വിരാട് സ്വന്തമാക്കിയിരുന്നു.

വിരാട് കോഹ്‌ലി
ഏകദിന ക്രിക്കറ്റില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡാണ് വിരാട് സ്വന്തം പേരില്‍ കുറിച്ചത്. ഈ നേട്ടത്തില്‍ വിരാട് ശ്രീലങ്കയ്‌ക്കെതിരെയും 10 സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോള്‍ വിന്‍ഡീസിനെതിരെയും വിരാട് തന്റെ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്.
ഏകദിന ക്രിക്കറ്റില്‍ ഒരു ടീമിനെതിരെയുള്ള വിരാടിന്റെ സെഞ്ച്വറികള്‍
(ടീം, സെഞ്ച്വറി, ഇന്നിങ്‌സ്, ശരാശരി എന്ന ക്രമത്തില്‍)
വെസ്റ്റ് ഇന്‍ഡീസ് – 10 – 42 – 70.58
ശ്രീലങ്ക – 10 – 54 – 60.27
ഓസ്‌ട്രേലിയ – 8 – 51 – 53.72
സൗത്ത് ആഫ്രിക്ക – 7 – 32 – 72.24
ന്യൂസിലാന്‍ഡ് – 7 – 36 – 57.48
ബംഗ്ലാദേശ് – 5 – 17 – 71.69
പാകിസ്ഥാന്‍ – 4 – 17 – 59.84
ഇംഗ്ലണ്ട് – 3 – 41 – 41.64
സിംബാബ്‌വേ – 1 – 6 – 50.60
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവാണ് ബൗളിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. പത്ത് ഓവറില്‍ വെറും 40 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നിതീഷ് കുമര്‍ റെഡ്ഡി ഒരു വിക്കറ്റും സ്വന്തമാക്കി.
അതേസമയം വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം നാളെ (സെപ്റ്റംബര്‍ 30) ബര്‍സാപാര സ്റ്റേഡിയത്തില്‍ നടക്കും.
Content Highlight: Virat Kohli In Great Record Achievement Against West Indies In ODI Cricket
