വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരം നാളെ (സെപ്റ്റംബര്‍ 30) ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ അരങ്ങേറുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ വിജയം തുടരാന്‍ കൂടിയാണ് അസമിലേക്കിറങ്ങുന്നത്.
ഇതിന് മുമ്പ് രണ്ട് ഏകദിനങ്ങളാണ് ഇന്ത്യ ഈ വേദിയില്‍ കളിച്ചിട്ടുള്ളത്. ഈ രണ്ട് മത്സരത്തിലും മെന്‍ ഇന്‍ ബ്ലൂ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ വേദിയില്‍ ഹാട്രിക് ലക്ഷ്യമിട്ടാണ് ആതിഥേയര്‍ നാളെ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്.

2018ലെ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലും 2023ലെ ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലുമാണ് ഇതിന് മുമ്പ് മെന്‍ ഇന്‍ ബ്ലൂ ഗുവാഹത്തി സ്റ്റേഡിയത്തില്‍ കളിച്ചത്. ഈ രണ്ട് മത്സരത്തിലും സൂപ്പര്‍ താരം വിരാട് കോഹ്‌ലി തിളങ്ങിയിരുന്നു.
രണ്ട് മത്സരത്തിലും സെഞ്ച്വറി നേടിയ വിരാട്, പ്ലെയര്‍ ഓഫ് ദി മാച്ചും സ്വന്തമാക്കി.
2018 ഒക്ടോബര്‍ 21ന് ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ സെഞ്ച്വറി കരുത്തില്‍ കരീബിയന്‍സ് ഉയര്‍ത്തിയ 323 റണ്‍സിന്റെ ലക്ഷ്യം രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും കരുത്തില്‍ 47 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

Photo: BCCI
ഇരുവരും സെഞ്ച്വറിയടിച്ചാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഹിറ്റ്മാന്‍ 15 ഫോറും എട്ട് സിക്‌സറും അടക്കം 117 പന്തില്‍ പുറത്താകാതെ 152 റണ്‍സ് നേടിയപ്പോള്‍ 107 പന്തില്‍ 21 ഫോറിന്റെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 140 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്.
പത്താം റണ്‍സില്‍ ഒന്നിച്ച രോ-കോ സഖ്യം രണ്ടാം വിക്കറ്റില്‍ 246 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
അഞ്ച് മത്സരങ്ങളുടെ പരമ്പര അന്ന് ഇന്ത്യ 3-1ന് വിജയിക്കുകയും ചെയ്തു.
ശേഷം 2023ലാണ് ഇന്ത്യയുടെ മറ്റൊരു ഏകദിനത്തിനായി ഗുവാഹത്തി വേദിയായത്. അന്ന് ശ്രീലങ്കയായിരുന്നു എതിരാളികള്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ സീരീസ് ഓപ്പണറായിരുന്നു വേദിയില്‍ നടന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ ഇന്ത്യ 50 ഓവറില്‍ 373 റണ്‍സാണ് അടിച്ചെടുത്തത്. വിരാടും രോഹിത്തും ഒപ്പം ശുഭ്മന്‍ ഗില്ലും തിളങ്ങിയ മത്സരത്തില്‍ ഇന്ത്യ 67 റണ്‍സിന് വിജയിക്കുകയും ചെയ്തു.
67 പന്തില്‍ 83 റണ്‍സാണ് നായകന്‍ രോഹിത് ശര്‍മ അടിച്ചെടുത്തത്. ഗില്‍ 60 പന്തില്‍ 70ന് പുറത്തായപ്പോള്‍ സെഞ്ച്വറിയുമായാണ് വിരാട് തിളങ്ങിയത്.

Photo: BCCI/x.com
87 പന്ത് നേരിട്ട് 113 റണ്‍സുമായാണ് വിരാട് കളം നിറഞ്ഞാടിയത്. 12 ഫോറും ഒരു സിക്‌സറുമായിരുന്നു വിരാടിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ബാറ്റിങ്ങിനെ തുണച്ച ഗുവാഹത്തിയിലെ പിച്ചില്‍ ശ്രീലങ്കന്‍ സ്‌കോറും മുന്നൂറ് കടന്നിരുന്നു. ക്യാപ്റ്റന്‍ ദാസുന്‍ ഷണകയുടെ സെഞ്ച്വറിയുടെയും (88 പന്തില്‍ 108) ഓപ്പണര്‍ പാതും നിസങ്കയുടെ അര്‍ധ സെഞ്ച്വറിയുടെയും (80 പന്തില്‍ 72) കരുത്തില്‍ ലങ്ക പൊരുതിയെങ്കിലും വിജയലക്ഷ്യത്തിന് 68 റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.
ആ പരമ്പരയില്‍ ഇന്ത്യ 3-0ന് ക്ലീന്‍ സ്വീപ്പ് വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
നാളെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഗുവാഹത്തിയില്‍ ഇരട്ട ഹാട്രിക്കിനുള്ള അവസരം കൂടി വിരാടിന് മുമ്പിലുണ്ട്. ഇതിന് മുമ്പ് ഇവിടെ കളിച്ച രണ്ട് മത്സരത്തിലും സെഞ്ച്വറിയും പ്ലെയര്‍ ഓഫ് ദി മാച്ചും നേടിയ വിരാടിന് നാളെയും ഈ നേട്ടങ്ങള്‍ ആവര്‍ത്തിക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content highlight: Virat Kohli had scored a century and was named ‘Player of the Match’ in both of the previous two matches played in Guwahati.
