മലയാള സിനിമാപ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് വിനീത് ശ്രീനിവാസനും ബേസിൽ ജോസഫും. ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമകൾ മാത്രമല്ല, തഗ്ഗുകളും കൗണ്ടറുകളും നിറഞ്ഞ ഇവരുടെ സിനിമ പ്രൊമോഷൻ അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്. 2015-ൽ ബേസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസനായിരുന്നു നായകൻ.
ടോവിനോ തോമസിനെ നായകനാക്കി അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത ‘അതിരടി’ എന്ന ചിത്രത്തിലാണ് ബേസിൽ ജോസഫും വിനീത് ശ്രീനിവാസനും ഒടുവിലായി ഒന്നിച്ചത്. ചിത്രത്തിൽ സാംകുട്ടി എന്ന കോളേജ് വിദ്യാർത്ഥിയായി ബേസിൽ എത്തിയപ്പോൾ, വിനീത് ശ്രീനിവാസൻ സ്വന്തം പേരിലും ഐഡന്റിറ്റിയിലുമാണ് അഭിനയിച്ചത്.
‘അതിരടി’യുടെ പ്രഖ്യാപനം വന്നതുമുതൽ ചിത്രത്തിന്റെ എല്ലാ പ്രൊമോഷൻ അഭിമുഖങ്ങളും ട്രെൻഡിങ്ങിലാണ്. തഗ്ഗ് കോമഡികളും സ്പോട്ട് കൗണ്ടറുകളുമായി പരസ്പരം കളിയാക്കുന്ന ഇവരുടെ അഭിമുഖങ്ങൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ വിനീത് ശ്രീനിവാസൻ ബേസിലിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.
ബേസിൽ ജോസഫിന് ദേഷ്യം വന്ന് ഫ്രസ്‌ട്രേറ്റഡ് ആയിരിക്കുമ്പോൾ തന്നെയായിരിക്കും വിളിക്കുകയെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു. ഫോൺ വിളിച്ച് വായിൽ തോന്നിയതൊക്കെ പറയുമെന്നും ദേഷ്യം തീരുന്നതുവരെ ചീത്തവിളിച്ചുകൊണ്ടിരിക്കുമെന്നും വിനീത് കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ റിലീസ് സമയത്ത് ‘സൈന സൗത്ത് പ്ലസിന്’ നൽകിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പങ്കുവെച്ചത്.
വിനീത് ശ്രീനിവാസൻ.ബേസിൽ ജോസഫ്.Photo;The Times Of India
‘ബേസിൽ ചില സമയത്ത് സ്ട്രെസ് ഉള്ളപ്പോൾ എന്നെ വിളിച്ച് ചീത്ത പറയും. ആരെയെങ്കിലും ചീത്ത വിളിക്കാനുണ്ടെങ്കിൽ ദേഷ്യം തീരുന്നതുവരെ എന്നോട് പറയും. അതെല്ലാം കേട്ട് ഞാൻ ‘ബേസിൽ കുഴപ്പമില്ലടാ, സാരമില്ലെടാ’ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കും. ‘പന്ന കിളവൻ ചത്ത് പോട്ടെ’ എന്നൊക്കെ പറയും. സെന്റിമെന്റ്സ് ഒന്നുമല്ല, പക്കാ ചീത്തവിളി’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദവും കെമിസ്ട്രിയും തന്നെയാണ് ഇവരെ പ്രേക്ഷകർക്ക് പ്രിയമുള്ളവരാക്കി മാറ്റുന്നത്. തീയേറ്ററിൽ തരംഗം സൃഷ്‌ടിച്ച ശേഷം അതിരടി ഇപ്പോൾ ഓ.ടി.ടി യിൽ ലഭ്യമാണ്.
Content Highlight:Vineeth sreenivasan talks about Basil Joseph