ദളപതിയൊക്കെ പണ്ട്, ഇനി ടൈറ്റിലില്‍ ചീഫ് മിനിസ്റ്റര്‍ വിജയ്.... പോസ്റ്റര്‍ പങ്കുവെച്ച് 'ജന നായകന്‍'
Indian Cinema
ദളപതിയൊക്കെ പണ്ട്, ഇനി ടൈറ്റിലില്‍ ചീഫ് മിനിസ്റ്റര്‍ വിജയ്.... പോസ്റ്റര്‍ പങ്കുവെച്ച് 'ജന നായകന്‍'
അമര്‍നാഥ് എം.
Saturday, 11th July 2026, 4:53 pm

സിനിമാലോകത്തെ പലപ്പോഴായി ഞെട്ടിച്ചിട്ടുള്ള വിജയ് പെട്ടെന്നൊരു ദിവസമാണ് രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് അറിയിച്ചത്. സിനിമാജീവിതം പൂര്‍ണമായും ഉപേക്ഷിച്ചുകൊണ്ട് മുഴുവന്‍ സമയവും രാഷ്ട്രീയത്തിനായി പ്രവര്‍ത്തിക്കുന്നെന്ന് വിജയ് അറിയിച്ചു. മത്സരിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ വലിയ മുന്നണികളെ തകര്‍ത്ത് തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയായി ചരിത്രമെഴുതാനും ദളപതിക്ക് സാധിച്ചു.

തെരഞ്ഞെടുപ്പ് ജയിച്ച് മുഖ്യമന്ത്രിയായെങ്കിലും ആരാധകര്‍ ഇപ്പോഴും കാത്തിരിക്കുന്നത് വിജയ്‌യുടെ അവസാന ചിത്രമായ ജന നായകന്‍ ബിഗ് സ്‌ക്രീനില്‍ കാണാനാണ്. ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നറിയിച്ച ചിത്രം ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് റിലീസ് നീണ്ടുപോയത്. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

‘A’ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. 24 വര്‍ഷത്തിന് ശേഷമാണ് വിജയ്‌യുടെ ഒരു സിനിമക്ക് ‘A’ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ വിജയ് തന്നെ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തിന് ‘A’ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരവും കമിങ് സൂണെന്നും എഴുതിയ പോസ്റ്ററാണ് വിജയ് പങ്കുവെച്ചത്. എന്നാല്‍ പോസ്റ്ററിനെക്കാള്‍ ശ്രദ്ധ നേടിയത് വിജയ്‌യുടെ ടൈറ്റിലാണ്.

കരിയറിന്റെ തുടക്കകാലത്ത് ഇളയ ദളപതിയെന്നും മെര്‍സലിന് ശേഷം ദളപതിയെന്നും പേര് ലഭിച്ച നടനാണ് വിജയ്. ജന നായകന്റേതായി ഇതുവരെ വന്ന പോസ്റ്ററുകളിലെല്ലാം ദളപതി വിജയ് എന്നുതന്നെയായിരുന്നു എഴുതിയത്. എന്നാല്‍ പുതിയ പോസ്റ്ററില്‍ ‘ഹോണറബിള്‍ ചീഫ് മിനിസ്റ്റര്‍ ഓഫ് തമിഴ്‌നാട് സി. ജോസഫ് വിജയ്’ എന്നാണുള്ളത്.

തമിഴില്‍ ആദ്യമായാണ് ഒരു നടന് ഇങ്ങനെയൊരു ടൈറ്റില്‍ ലഭിക്കുന്നത്. റീലിലും റിയലിലും ഒരുപോലെ മാസ് കാണിച്ചിരിക്കുകയാണ് വിജയ്. സിനിമയിലും ഇതേ ടൈറ്റില്‍ കാര്‍ഡാണോ അതോ ദളപതി എന്നാകുമോ എന്നാണ് ഇനി പലരും ഉറ്റുനോക്കുന്നത്. റിലീസിന് മുമ്പ് ഒരു ട്രെയ്‌ലര്‍ കൂടി പുറത്തുവിട്ടേക്കുമെന്നാണ് പ്രതീക്ഷ.

ഏഴ് മാസത്തോളം സെന്‍സര്‍ ബോര്‍ഡിന്റെ ചുവപ്പുനാടയില്‍ കുടുങ്ങിയത് ജന നായകന് തിരിച്ചടിയായിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കായത് വലിയ വാര്‍ത്തയായിരുന്നു. ട്രിച്ചി ഈസ്റ്റില്‍ ബൈ ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജന നായകന്‍ തിയേറ്ററുകളിലെത്തിയേക്കും. ജൂലൈ 24 ആണ് ഇപ്പോള്‍ പലരും പ്രവചിക്കുന്ന റിലീസ് ഡേറ്റ്.

തെലുങ്ക് ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്കിനൊപ്പം വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയെ ഒളിഞ്ഞും തെളിഞ്ഞും ബൂസ്റ്റ് ചെയ്തുകൊണ്ട് കൂടിയാണ് ജന നായകന്‍ ഒരുങ്ങിയത്. 400 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം പരമാവധി ആഘോഷമാക്കാനാണ് ആരാധകര്‍ പദ്ധതിയിടുന്നത്.

Content Highlight: Vijay shared new poster of Jana Nayagan movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം