ശ്രീജിത്ത് വിജയന്റെ സംവിധാനത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ സിനിമയാണ് ഇടിയന്‍ ചന്തു. ചിത്രത്തില്‍ പീറ്റര്‍ ഹെയ്നാണ് ഫൈറ്റ് മാസ്റ്ററായി എത്തിയിരുന്നത്. പുഷ്പ 2വിന്റെ ഷൂട്ട് പോലും മാറ്റിവെച്ച് മാസ്റ്റര്‍ ഇടിയന്‍ ചന്തുവിന് വേണ്ടി എത്തിയത് വലിയ വാര്‍ത്തയായിരുന്നു.

ഇടിയന്‍ ചന്തുവില്‍ ചന്തു സലിംകുമാര്‍, ലാലു അലക്‌സ്, ജോണി ആന്റണി, ലെന, ഐ.എം. വിജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുണ്‍, ജയശ്രീ, ഗോപി കൃഷ്ണന്‍, ദിനേശ് പ്രഭാകര്‍, കിച്ചു ടെല്ലസ്, സോഹന്‍ സീനുലാല്‍, സൂരജ്, കാര്‍ത്തിക്, ഫുക്രു തുടങ്ങിയ നീണ്ട താരനിര തന്നെയുണ്ട്. ഇവര്‍ക്ക് പുറമെ വിദ്യ വിജയകുമാറും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

കരിക്കിലൂടെയും മറ്റും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് വിദ്യ വിജയകുമാര്‍. താന്‍ ഓഡിഷന്റെ സമയത്ത് ബൈക്ക് ഓടിക്കാന്‍ അറിയാമെന്ന് കള്ളം പറഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. ഇടിയന്‍ ചന്തുവിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു വിദ്യ. സിനിമക്കായി ആദ്യമായി ബൈക്ക് ഓടിച്ച സീനിനെ കുറിച്ച് താരം സംസാരിച്ചു.

‘ചതിച്ചതാണ്, ശരിക്കും ഞാന്‍ ആണ് ചതിച്ചത്. ഓഡിഷന്‍ കഴിഞ്ഞ് ഇറങ്ങുന്ന സമയത്ത് വാതില്‍ അടക്കുമ്പോള്‍ എന്നോട് ബൈക്ക് ഓടിക്കില്ലേ എന്ന് ചോദിച്ചു. ഞാന്‍ ഉടനെ ആഹ് ഓടിക്കാലോയെന്ന് മറുപടി പറഞ്ഞു. ഓടിക്കും എന്ന് തന്നെ പറഞ്ഞു. എവിടെ ഓടിക്കാനാണ് (ചിരി). പിന്നെ ഞാന്‍ പോയി ബൈക്ക് ഓടിക്കാന്‍ പഠിച്ചു. സിനിമക്ക് വേണ്ടി ബൈക്ക് ഓടിക്കുകയും ചെയ്തു.

ALSO READ: വെറുതെ ടെൻഷനാക്കരുത്, ഇദ്ദേഹം എൽ.360യുടെ ഭാഗമല്ല; തമിഴ് സൂപ്പർ സ്റ്റാറിനൊപ്പമുള്ള ഫോട്ടോയുമായി തരുൺ മൂർത്തി

അന്ന് ബൈക്കോടിച്ചപ്പോള്‍ ഉണ്ടായ ആദ്യ എക്‌സ്പീരിയന്‍സ് നന്നായിരുന്നു. സിനിമ കണ്ടവര്‍ ലെന ചേച്ചിയോടൊപ്പമുള്ള എന്റെ ഒരു സീന്‍ കണ്ടിട്ടുണ്ടാകും. ലെന ചേച്ചിയെയും പിന്നില്‍ ഇരുത്തി വരുന്നതായിരുന്നു ആ സീന്‍. അന്ന് ആദ്യം തന്നെ ആക്‌സിലേറ്ററോ എന്തൊക്കൊക്കെയോ ചെയ്ത് വണ്ടി നേരെ ആ വീടിന് അകത്തേക്ക് പോവാന്‍ ഒരുങ്ങി. ചേച്ചി ചാടി ഇറങ്ങിയത് കൊണ്ട് ചേച്ചിക്ക് കുഴപ്പമുണ്ടായില്ല. പക്ഷെ അടുത്ത ടേക്കില്‍ ഞാന്‍ അത് ഓക്കെയാക്കി,’ വിദ്യ വിജയകുമാര്‍ പറഞ്ഞു.

Content Highlight: Vidhya Vijayakumar Talks About Audition Of Idiyan Chandhu Movie