ചുരുങ്ങിയ സമയം കൊണ്ട് മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനം നേടിയ താരമാണ് അനശ്വര രാജന്‍. ഉദാഹരണം സുജാതയിലൂടെ കടന്നുവന്ന അനശ്വര രാജന്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ നായികാവേഷം ചെയ്ത് ശ്രദ്ധ നേടി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മികച്ച സിനിമകളുടെ ഭാഗമാകാന്‍ അനശ്വരക്ക് സാധിച്ചു.
അടുത്തിടെ തെലുങ്ക് ചിത്രം ചാമ്പ്യന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ അനശ്വര സൂപ്പര്‍താരം അല്ലു അര്‍ജുനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. ഏതെങ്കിലും തെലുങ്ക് ചിത്രം കണ്ടിട്ടുണ്ടോ എന്നും തെലുങ്കില്‍ ഏത് നടനെയാണ് ഇഷ്ടമെന്നുമുള്ള ചോദ്യത്തിന് അല്ലു അര്‍ജുനെന്നായിരുന്നു അനശ്വരയുടെ മറുപടി.
അല്ലു അര്‍ജുന്റെ സിനിമകളുടെ മലയാളം ഡബ്ബ് വേര്‍ഷന്‍ കേരളത്തില്‍ വലിയ ട്രെന്‍ഡായിരുന്നെന്നും അതെല്ലാം വിടാതെ കാണാറുണ്ടെന്നും അനശ്വര പറഞ്ഞു. അല്ലു അര്‍ജുനെ മല്ലു അര്‍ജുനെന്ന വിളിപ്പേര് മലയാളികള്‍ നല്‍കിയിട്ടുണ്ടെന്നും കുട്ടിക്കാലത്ത് അല്ലുവിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നതെന്നും താരം പറഞ്ഞിരുന്നു.
അതിനെ ശരിവെക്കുന്ന തരത്തില്‍ കഴിഞ്ഞദിവസം ഒരു വീഡിയോ പുറത്തുവന്നിരുന്നു. അല്ലു അര്‍ജുന്റെ ഹാപ്പി റീ റിലീസിന്റെ തിയേറ്റര്‍ വീഡിയോയില്‍ അനശ്വര ചുവടുവെക്കുന്നതിന്റെ വീഡിയോയാണ് വൈറലായത്. അനശ്വരയും സഹോദരിയും കൂടി പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലെ സിനിമാപേജുകളില്‍ ചര്‍ച്ചയായി മാറി.
അല്ലു അര്‍ജുന് കേരളത്തിലും സെലിബ്രിറ്റി ഫാന്‍സുണ്ടെന്നതിന്റെ തെളിവാണ് ഇതെന്ന് തെലുങ്ക് സിനിമാപേജുകള്‍ അഭിപ്രായപ്പെട്ടു. ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യം സത്യമായിരുന്നല്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഈയൊരൊറ്റ വീഡിയോയിലൂടെ തെലുങ്കില്‍ അനശ്വരയുടെ റേഞ്ച് വലുതാകുമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.
ദൃശ്യം 3ക്ക് ശേഷം വലിയ റിലീസുകളൊന്നുമില്ലാതിരുന്ന കേരളത്തിലെ തിയേറ്ററുകള്‍ ഹാപ്പിയുടെ റീ റിലീസോടെ വീണ്ടും ഉണര്‍ന്നിരിക്കുകയാണ്. വെറും 88 തിയേറ്ററുകളില്‍ മാത്രം ആദ്യദിനം എത്തിയ ചിത്രം ഇപ്പോള്‍ 120ലേറെ സ്‌ക്രീനുകളിലേക്ക് പ്രദര്‍ശനം വ്യാപിച്ചിരിക്കുകയാണ്. കേരളത്തിലെ കിങ് സൈസ് തിയേറ്ററുകളില്‍ പലതും ഹാപ്പിയുടെ ആഘോഷത്തിലാണ്.
ആദ്യദിനം 30 ലക്ഷത്തിലേറെയാണ് ചിത്രത്തിന്റെ കളക്ഷന്‍. മോഹന്‍ലാലിന് ശേഷം റീ റിലീസില്‍ ഓളം സൃഷ്ടിച്ച നടനായി അല്ലു അര്‍ജുന്‍ മാറി. റീ റിലീസില്‍ മിനിമം രണ്ട് കോടിയെങ്കിലും ഹാപ്പി സ്വന്തമാക്കുമെന്നാണ് കരുതുന്നത്.