ഹൈദരാബാദ്: ഘര്‍ വാപസി അവഗണിക്കണമെന്ന ബി.ജെ.പി നിര്‍ദേശത്തിനു വിലകല്‍പ്പിക്കാതെ വി.എച്ച്.പി. രണ്ട് സംസ്ഥാനങ്ങളില്‍ ഘര്‍ വാപസിയുമായി മുന്നോട്ടുപോകാനാണ് വി.എച്ച്.പിയുടെ തീരുമാനം.
5,000 ത്തോളം പേരെ ഹിന്ദുമതത്തിലേക്കു തിരിച്ചുകൊണ്ടുവന്നെന്ന് അവകാശവാദമുന്നയിക്കുന്ന വി.എച്ച്.പിയോട് ഘര്‍ വാപസിയില്‍ നിന്നും പിന്മാറാന്‍ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലേയും ഘര്‍ വാപസി പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവേള നല്‍കാനാണ് ബി.ജെ.പി നേതൃത്വം നിര്‍ദേശിച്ചത്. എന്നാല്‍ ഇതു വകവെക്കാതെ ഘര്‍ വാപസിയുമായി മുന്നോട്ടുപോകാനാണ് അവരുടെ തീരുമാനം.
മാര്‍ച്ച് 21, വി.എച്ച്.പിയുടെ രാമോത്സവ് കാമ്പെയ്ന്‍ ആരംഭിക്കുന്ന ദിനം മുതല്‍ ഘര്‍ വാപസി പുനരാരംഭിക്കാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 4 ഹനുമാന്‍ ജയന്തി ദിനത്തോടെ ആഘോഷം അവസാനിപ്പിക്കാനുമാണ് തീരുമാനം.
വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധരാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വന്നതിനു പിന്നാലെയായിരുന്നു ഘര്‍ വാപസി വിഷയത്തിലുള്ള ബി.ജെ.പിയുടെ നിലപാട് അറിയിച്ചത്. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു നേരിട്ട കനത്ത തിരിച്ചടിയാണ് ഇത്തരമൊരു പ്രസ്താവന നടത്താന്‍ മോദിയെ പ്രേരിപ്പിച്ചതെന്നാണ് ഉറവിടങ്ങള്‍ പറയുന്നത്.
“പാര്‍ട്ടിയുടെ സമീപനത്തില്‍ ചില മാറ്റങ്ങളുണ്ട്. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ റാലികളെ അഭിസംബോധന ചെയ്യാന്‍ മോദിയെ അയക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ആ സംസ്ഥാനത്തിലെ തെരഞ്ഞെടുപ്പ് പ്രകടനത്തെയും നേതൃത്വത്തെയും തമ്മില്‍ ബന്ധപ്പെടുത്തുന്ന രീതി നിലനില്‍ക്കുന്നതിനാലാണിത്. അതിനു പുറമേ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഇപ്പോഴത്തേക്കെങ്കിലും ഘര്‍ വാപസി പരിപാടികള്‍ അവസാനിപ്പിക്കാനര്‍ ഞങ്ങള്‍ വി.എച്ച്.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.” ഇതായിരുന്നു ബി.ജെ.പി നേതാവിന്റെ വാക്കുകള്‍.
ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന ഈ പ്രസ്താവയ്ക്ക് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുണ്ടായിരുന്നു. മോദിയുടെ ഹൈദരാബാദ് സന്ദര്‍ശനം തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഗസ്റ്റിലോ സെപ്റ്റംബറിലോ ആയിരിക്കുമെന്ന് ബി.ജെ.പിയുടെ തെലങ്കാന നേതാവ് ജി കിഷന്‍ റെഡ്ഢി അറിയിച്ചിരുന്നു.
എന്നാല്‍ രാമോത്സവ് സമയത്ത് ഘര്‍ വാപസി നടത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് വി.എച്ച്.പി. “മോദിയെന്തു പറഞ്ഞാലും അത് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനു യോജിച്ചതാവാം. അതിനെ വി.എച്ച്.പിയുമായി കൂട്ടിക്കുഴക്കേണ്ട.” വി.എച്ച്.പി കേന്ദ്ര ജോയിന്റ് സെക്രട്ടറി ജി സത്യന്‍ പറഞ്ഞു.
ബി.ജെ.പി രാഷ്ട്രീയ പാര്‍ട്ടിയാണെങ്കില്‍ ഹിന്ദു പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ വേണ്ടിയുണ്ടാക്കിയ സംഘടനയാണ് വി.എച്ച്.പിയെന്നും അദ്ദേഹം വ്യക്തമാക്കി.
