ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ശിവം ദുബെയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറെന്ന് മുന്‍ താരം വരുണ്‍ ആരോണ്‍. ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയുമായി ബന്ധപ്പെട്ട് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയിലെ ചര്‍ച്ചയിലാണ് വരുണ്‍ ആരോണ്‍ ഇക്കാര്യം പറഞ്ഞത്.

എന്നാല്‍, വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടും ശിവം ദുബെ തന്റെ ബൗളിങ്ങില്‍ വലിയ പുരോഗതി വരുത്തിയിട്ടില്ലെന്നും വരുണ്‍ ആരോണ്‍ ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ ഒമ്പതിന് റാഞ്ചിയില്‍ നടന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി-20 മത്സരത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ വിലയിരുത്തല്‍.

വരുണ്‍ ആരോണ്‍

മത്സരത്തില്‍ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഷായ് ഹോപ്പിന്റെയും (45 പന്തില്‍ പുറത്താകാതെ 102) ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡിന്റെയും (37 പന്തില്‍ 84) കരുത്തില്‍ 18.3 ഓവറില്‍ വിജയം കണ്ടിരുന്നു. മത്സരത്തില്‍ രണ്ട് ഓവര്‍ എറിഞ്ഞ ശിവം ദുബെ 30 റണ്‍സ് വഴങ്ങിയിരുന്നു.

‘നോക്കൂ, ശിവം ദുബെയുടെ കാര്യത്തില്‍ ഇനി ഇന്ത്യ അദ്ദേഹത്തെ പിന്തുണച്ച് മുന്നോട്ടുകൊണ്ടുപോകുന്ന നിലപാട് അവസാനിപ്പിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം, അദ്ദേഹം ഏറെക്കാലമായി ഇന്ത്യക്കായി കളിക്കുന്നുണ്ട്.

ശിവം ദുബെ

ബൗളിങ്ങിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ആവശ്യത്തിലധികം അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഈ ഘട്ടത്തില്‍ ബൗളിങ്ങില്‍ അദ്ദേഹം കൂടുതല്‍ മികവ് കാട്ടേണ്ടതുണ്ട്.

ഇന്ത്യന്‍ ടീം അദ്ദേഹത്തില്‍ വലിയ വിശ്വാസമാണ് അര്‍പ്പിച്ചിരിക്കുന്നത്. ഏഷ്യാ കപ്പില്‍ അദ്ദേഹം ആദ്യ സ്‌പെല്ലില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു എന്നത് ശരിയാണ്. എന്നാല്‍ അതൊക്കെ വളരെക്കാലം മുമ്പാണ്.

ബൗളിങ്ങില്‍ അദ്ദേഹം തുടര്‍ച്ചയായി പുരോഗതി കൈവരിക്കുകയും തന്റെ മികവ് മെച്ചപ്പെടുത്തുകയും വേണം. കാരണം, ഹര്‍ദിക് പാണ്ഡ്യ കളിക്കാത്ത സാഹചര്യത്തില്‍ ടി-20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ്,’ വരുണ്‍ ആരോണ്‍ പറഞ്ഞു.

ശിവം ദുബെ. Photo: BCCI/x.com

ഇതുവരെ 81 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ശിവം ദുബെ 27.15 ശരാശരിയിലും 9.96 ഇക്കോണമി റേറ്റിലും 40 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 3/4 ആണ് അദ്ദേഹത്തിന്റെ മികച്ച ബൗളിങ് പ്രകടനം.

ഇന്‍ഡോറില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ റാഞ്ചിയില്‍ കളിച്ച അതേ പ്ലെയിങ് ഇലവനെത്തന്നെ ഇന്ത്യ നിലനിര്‍ത്തുമെന്നാണ് വരുണ്‍ ആരോണ്‍ കരുതുന്നത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രിന്‍സ് യാദവ് ടീമില്‍ ഇടംപിടിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടാതെ, പരമ്പരയിലെ അവസാന രണ്ട് ടി20 മത്സരങ്ങളില്‍ നിതീഷ് കുമാര്‍ റെഡ്ഡി കളിച്ചേക്കുമെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Varun Aaron says Shivam Dube is India’s number one all-rounder in Hardik Pandya’s absence.