[] വാഷിങ്ടണ്‍: യു.എസിന്റെ അന്വേഷണ വിഭാഗമായ എന്‍.എസ്.എ പ്രതിദിനം അഞ്ഞൂറ് കോടി മൊബൈല്‍ കോളുകള്‍ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ പോസ്റ്റ് ആണ് പ്രസ്തുത വിവരം പുറത്ത് വിട്ടത്.

യു.എസിലെയും മറ്റുരാജ്യങ്ങളിലെയും പൗരന്‍മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് യു.എസ് രഹസ്യങ്ങള്‍ ചോര്‍ത്തിയ എഡ്വേഡ് സ്‌നോഡനില്‍ നിന്ന് ശേഖരിച്ച രേഖകളില്‍ നിന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

ലൊക്കേഷന്‍ സ്ഥിരീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ലോകത്താകമാനമുള്ള മൊബൈല്‍ നെറ്റ് വര്‍ക് കേബിളുകള്‍ എന്‍.എസ്.എ ഉപയോഗപ്പെടുത്തുന്നുവെന്നും എന്‍.എസ്.എക്ക് ലോകത്താകമാനമുള്ള ഭൂരിഭാഗം സെല്‍ഫോണുകളെയും പിന്തുടരാന്‍ കഴിയുമെന്നുമുള്ള സൂചനയാണ് ഇത് നല്‍കുന്നതെന്നും വാഷിങ്ടണ്‍ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

സംശയമുള്ള വ്യക്തികളുടെ സെല്‍ഫോണ്‍ ചോര്‍ത്താന്‍ ശേഷിയുള്ള ശക്തമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമായ കോ-ട്രാവലര്‍ ഉപയോഗിച്ചാണ് ഇത്തരത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ നടത്തുന്നത്. തീവ്രവാദം ബന്ധം സംശയിക്കുന്നവരെ ഇങ്ങനെ നിരീക്ഷിക്കാനാകും.

യു.എസിന്റെ ഫോണ്‍ചോര്‍ത്തലിനെതിരെ ലോകത്തുടനീളം പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ പുതിയ വെളിപ്പെടുത്തല്‍.

ഫോണ്‍ ചോര്‍ത്തല്‍ രഹസ്യങ്ങള്‍ പുറത്തുവിട്ട് റഷ്യയില്‍ അഭയം തേടിയിരിക്കുന്ന സ്‌നോഡനെതിരെ ചാരവൃത്തിക്കുറ്റമടക്കമുള്ളവ അമേരിക്ക ചുമത്തിയിട്ടുണ്ട്.