12 വര്‍ഷത്തെ ചരിത്രവും തിരുത്തി, ചിന്നത്തലയെയും വെട്ടി; സിംഹാസനം ഇനി ഇവന്‍ വാഴും
Cricket
12 വര്‍ഷത്തെ ചരിത്രവും തിരുത്തി, ചിന്നത്തലയെയും വെട്ടി; സിംഹാസനം ഇനി ഇവന്‍ വാഴും
ഫസീഹ പി.സി.
Monday, 11th May 2026, 11:59 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെ ചെന്നൈ ജയിച്ച് കയറിയത്.

മത്സരത്തില്‍ ലഖ്നൗ ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ചെന്നൈ നാല് പന്തുകള്‍ ബാക്കി നില്‍ക്കെ പിന്തുടര്‍ന്ന് ജയിക്കുകയായിരുന്നു. 2018ന് ശേഷം 180+ റണ്‍സ് ചെയ്സ് ചെയ്തുള്ള ടീമിന്റെ ആദ്യ വിജയമായിരുന്നു ഇത്.

ഉറവിൽ പട്ടേൽ, Photo; IndianPremierLeague/x.com

ഈ ചരിത്രത്തില്‍ ചെന്നൈയ്ക്ക് കരുത്തായത് യുവതാരം ഉറവില്‍ പട്ടേലിന്റെ ഇന്നിങ്സായിരുന്നു. 23 പന്തുകള്‍ നേരിട്ട താരം 65 റണ്‍സാണ് എടുത്തത്. എട്ട് സിക്‌സുകളും രണ്ട് ഫോറുകളുമടക്കമായിരുന്നു താരത്തിന്റെ താണ്ഡവം. 282.61 സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റിങ് നടത്തിയത്.

നേരിട്ട 13ാം പന്തിലായിരുന്നു ഉറവില്‍ തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ഒരു നേട്ടവും താരം സ്വന്തമാക്കി. സി.എസ്.കെക്കായി ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം എന്ന നേട്ടമാണ് വലം കൈയ്യന്‍ ബാറ്റര്‍ നേടിയെടുത്തത്.

സി.എസ്.കെയുടെ ചിന്നത്തല എന്നറിയപ്പെടുന്ന സുരേഷ് റെയ്‌നയെ മറികടന്നാണ് ഉറവില്‍ ഈ നേട്ടം തന്റെ പേരില്‍ കുറിച്ചത്. റെയ്‌ന 2014ല്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ 16 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഈ 12 വര്‍ഷത്തെ ചരിത്രമാണിപ്പോള്‍ ഉറവില്‍ പഴങ്കഥയാക്കിയത്.

ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ സി.എസ്.കെ താരങ്ങള്‍

(പന്തുകള്‍ – താരം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

13 – ഉറവില്‍ പട്ടേല്‍ – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് – 2026

16 – സുരേഷ് റെയ്‌ന – കിങ്സ് ഇലവന്‍ പഞ്ചാബ് – 2014

19 – മോയിന്‍ അലി – രാജസ്ഥാന്‍ റോയല്‍സ് – 2022

19 – അജിന്‍ക്യ രഹാനെ – മുംബൈ ഇന്ത്യന്‍സ് – 2023

19 – ഡെവാള്‍ഡ് ബ്രെവിസ് – ഗുജറാത്ത് ടൈറ്റന്‍സ് – 2025

ചെന്നൈ സൂപ്പർ കിങ്‌സ്.Photo: iplt20.com

മെയ് 15നാണ് ചെന്നൈയുടെ അടുത്ത മത്സരം. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് തന്നെയാണ് എതിരാളികള്‍. ലഖ്നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Urvil Patel registers fastest fifty of an CSK player in IPL by surpassing Suresh Raina

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി