നാല് പതിറ്റാണ്ടോളമായി മലയാള സിനിമയുടെ തലപ്പത്ത് നിൽക്കുന്ന നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. എൺപതുകൾ മുതൽ മലയാളികൾ കാണുന്ന ഈ മുഖങ്ങൾ മലയാള സിനിമയുടെ യശസ് മറ്റ് ഭാഷകൾക്ക് മുന്നിൽ ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സൂപ്പർ സ്റ്റാറുകൾ എന്നതിനുപരി മികച്ച നടന്മാരായും നിലനിൽക്കുന്ന മമ്മൂട്ടിയും മോഹൻലാലും എന്നും മലയാളികളുടെ അഭിമാനമാണ്.

അതുകൊണ്ടുതന്നെ ഇരുവരും ഒന്നിക്കുന്ന ഒരു സിനിമക്കായി നാളേറെയായി മലയാളികൾ കാത്തിരിക്കുകയാണ്. 2013 ൽ ഇറങ്ങിയ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് ശേഷം  ഇരുവരും ഒന്നിച്ചൊരു സിനിമ വന്നിട്ടില്ല. ഹരികൃഷ്ണൻസ്, നരസിംഹം, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

എന്നാൽ പ്രതീക്ഷകൾക്ക് ചിറകേകി കൊണ്ട് സംവിധായകൻ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും വീണ്ടുമൊന്നിക്കുന്നുവെന്ന വാർത്തകൾ വന്നിരുന്നു. നടൻ കുഞ്ചാക്കോ ബോബനും അതിന്റെ ഭാഗമാകുമെന്ന് റൂമറുകൾ  ഉണ്ടായിരുന്നു. ഇപ്പോൾ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വിത്ത് ബിഗ് എമ്സ് എന്ന അടികുറിപ്പോടെ കുഞ്ചാക്കോ ബോബനും ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മഹേഷ് നാരായണന്റെ ഏറ്റവും പുതിയ ചിത്രത്തിനായി ശ്രീലങ്കയിൽ എത്തിയതാണ് ഇരുവരും. 11 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളസിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് ഇതുവരെ പുറത്തുവന്നിട്ടില്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ പേരായിരുന്നു ആദ്യം ഉയര്‍ന്നുകേട്ടത്. എന്നാല്‍ ഫഹദിന് ചിത്രത്തില്‍ ജോയിന്‍ ചെയ്യാന്‍ കഴിയില്ലെന്നും ആ വേഷത്തിലേക്ക് ആസിഫ് അലിയെ പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.