ലണ്ടന്‍: ലണ്ടനില്‍ നടക്കുന്ന ഖാലിസ്ഥാന്‍ അനുകൂല പ്രക്ഷോഭം സമാധാനപരമാണെന്നും നിയമപരമാണെന്നും യു.കെ. സര്‍ക്കാര്‍. അക്രമങ്ങളില്ലാതെ തുടരുന്നിടത്തോളം പ്രക്ഷോഭം നിരോധിക്കാനുള്ള പദ്ധതിയില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിഖ് നീക്കത്തിനെതിരെ നടപടി വേണമെന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു യു.കെ. സര്‍ക്കാര്‍.
ആഗസ്ത് 12ന് നടക്കാനിരിക്കുന്ന റാലിക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന പേരിലുള്ള സംഘടനയാണ് ട്രഫാല്‍ഗര്‍ ചത്വരത്തിലേക്ക് റാലി സംഘടിപ്പിക്കുന്നത്.
സ്വതന്ത്ര ഖലിസ്ഥാന്‍ രാജ്യമെന്ന ആവശ്യം മുന്നോട്ടുവച്ചുകൊണ്ട് നടത്തുന്ന റാലിയില്‍ അമേരിക്ക, യൂറോപ്പ്, യു.കെ എന്നിവിടങ്ങളില്‍ നിന്നുള്ള സിഖുകാര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: അഭിമന്യു വധം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു
“ഇവിടെ ജനങ്ങള്‍ക്ക് സംഘടിക്കാനും ഒരുമിച്ചുകൂടി ആവശ്യങ്ങള്‍ അവതരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. നിയമത്തിന്റെ ചട്ടക്കൂടികള്‍ക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കണമെന്നുമാത്രം.” യു.കെ സര്‍ക്കാരിന്റെ വക്താവ് പറഞ്ഞു. എങ്കിലും, വര്‍ഗ്ഗീയമായ ചേരിതിരിവും അതിക്രമങ്ങളും ഉണ്ടാക്കുന്ന നടപടികള്‍ വച്ചുപൊറുപ്പിക്കില്ലെന്നും, അത്തരം സന്ദര്‍ഭങ്ങളെ കൈകാര്യം ചെയ്യാനുള്ള അധികാരം പൊലീസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.കെ സര്‍ക്കാര്‍ സിഖ് സംഘടനകളെ റാലി നടത്താന്‍ അനുവദിക്കരുതെന്ന് നേരത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. “വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സംഘടനയെയും യു.കെ. സര്‍ക്കാര്‍ അതിനനുവദിക്കില്ലെന്ന് കരുതുന്നു. ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ ഇംഗ്ലണ്ട് എടുക്കില്ലെന്നും വിശ്വസിക്കുന്നു.” വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രവീഷ് കുമാര്‍ പറഞ്ഞിരുന്നു.
ബ്രിട്ടനിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമായുള്ള സിഖ് വിഭാഗത്തിലെ ഭൂരിഭാഗത്തിനും ഇന്ത്യയുമായി വളരെ നല്ല ബന്ധമാണെന്നും മന്ത്രാലയം പ്രസ്താവിച്ചു. “ഇപ്പോള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ സിഖ് വിഭാഗത്തിനകത്തുള്ള ഛിദ്രശക്തികള്‍ മാത്രമാണ്. വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കാനും ചേരിതിരിവുണ്ടാക്കാനുമാണ് അവരുടെ ശ്രമം.” രവീഷ് പറഞ്ഞു.
Also Read: “ഹിന്ദു പാകിസ്താന്‍” പരാമര്‍ശം; തരൂര്‍ ഹാജരാകണമെന്ന് കൊല്‍ക്കത്ത കോടതി
തങ്ങളുടെ “റഫറണ്ടം 2020” ലോകമെമ്പാടുമുള്ള 30 മില്യണ്‍ സിഖുകളെ ഒന്നിപ്പിക്കുന്ന ആദ്യത്തെ ജനഹിതപരിശോധനയാണെന്നാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ അവകാശവാദം. “യു.എന്‍. ചാര്‍ട്ടറും മറ്റ് അന്താരാഷ്ട്ര പ്രഖ്യാപനങ്ങളും പ്രകാരമുള്ള അവകാശങ്ങളാണ് ലണ്ടന്‍ ഡിക്ലറേഷന്‍ വഴി ഞങ്ങള്‍ നടപ്പില്‍ വരുത്തുന്നത്” സിഖ്‌സ് ഫോര്‍ ജസ്റ്റിസ് പറയുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടടുപ്പിച്ചുള്ള ദിവസമാണ് റാലിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
