യു.എ.ഇയുടെ ലിംഗ സമത്വ അവാര്‍ഡ് ജേതാക്കള്‍ മുഴുവന്‍ പുരുഷന്മാര്‍; പരിഹാസവുമായി സോഷ്യല്‍ മീഡിയ
World News
യു.എ.ഇയുടെ ലിംഗ സമത്വ അവാര്‍ഡ് ജേതാക്കള്‍ മുഴുവന്‍ പുരുഷന്മാര്‍; പരിഹാസവുമായി സോഷ്യല്‍ മീഡിയ
ന്യൂസ് ഡെസ്‌ക്
Tuesday, 29th January 2019, 8:23 am

അബുദാബി: ജോലി സ്ഥലത്തെ ലിംഗ സമത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് യു.എ.ഇ സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരില്‍ പുരുഷന്മാര്‍ മാത്രം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനായി യു.എ.ഇ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് ജെന്‍ഡര്‍ ബാലന്‍സ് ഇന്‍ഡക്‌സ് അവാര്‍ഡുകള്‍ നല്‍കി വരുന്നത്.

യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പുരസ്‌കാര ജേതാക്കള്‍ക്ക് മെഡലും സാക്ഷ്യപത്രവും നല്‍കിയത്. ധനകാര്യ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം, ഫെഡറല്‍ കോമ്പറ്റിറ്റീവ്‌നെസ് ആന്റ് സ്റ്ററ്റിസ്റ്റിക്‌സ് അതോറിറ്റി എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന പുരുഷന്മാര്‍ക്കാണ് റാഷിദ് അല്‍ മക്തൂം ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

“എമിറേറ്റസിലെ സ്ത്രീകളുടെ വിജയവും രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നതില്‍ അവര്‍ക്കുഴള്ള പങ്കും അഭിമാനാര്‍ഹമാണ്. ലിംഗ സമത്വം നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നെടുംതൂണായി മാറിക്കഴിഞ്ഞിരിക്കുന്നു”- റാഷിദ് അല്‍ മക്തൂം അവാര്‍ഡ് ദാന ചടങ്ങിനു ശേഷം പറഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍ സ്ത്രീകളും ഈ പുരസ്‌കാരത്തിന് അര്‍ഹരായെങ്കിലും ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ പുരുഷന്മാരിലേക്ക് മാത്രമായി ഒതുങ്ങുകയായിരുന്നു. യു.എ.ഇ ലിംഗ സമത്വ കൗണ്‍സിലിന്റെ മേധാവിയായ ഷെയ്ക് മനാല്‍ ബിന്ദ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സേവനങ്ങളെ റാഷിദ് മക്തൂം പ്രകീര്‍ത്തിച്ചെങ്കിലും, അവാര്‍ഡ് പട്ടികയില്‍ ഇവര്‍ക്ക് ഇടം കണ്ടെത്താനായില്ല. ഇതോടെ ലിംഗ സമത്വ അവാര്‍ഡിലെ ലിംഗ സമത്വമില്ലായ്മയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തുകയായിരുന്നു.

“ഈ ചിത്രത്തിലെ ബഹുസ്വരത അമ്പരപ്പിക്കുന്നതാണ്. അതിലൊരു വ്യക്തി ചാര നിറത്തിലുള്ള വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്”. പുരസ്‌കാര ചടങ്ങിലെ പുരുഷാധിപത്യത്തെ പരിഹസിച്ച് വന്ന ഒരു ട്വീറ്റ്.

“യു.എ.ഇയുടെ ലിംഗ സമത്വ പുരസ്‌കാരം. ഇതില്‍ എന്തോ ഒന്നിന്റെ കുറവുണ്ട്. പക്ഷെ എന്താണതെന്ന് മനസ്സിലാവുന്നില്ല” എന്നായിരുന്നു മറ്റൊരു ട്വീറ്റ്‌.