മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ചയില്ല; സഖ്യസാധ്യതകള്‍ തള്ളി വിജയ്
national news
മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ചയില്ല; സഖ്യസാധ്യതകള്‍ തള്ളി വിജയ്
ആദര്‍ശ് എം.കെ.
Thursday, 19th March 2026, 7:40 am

ചെന്നൈ: ബി.ജെ.പിയുമായുള്ള സഖ്യസാധ്യതകളെ പൂര്‍ണമായും തള്ളി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷന്‍ വിജയ്. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്‌ക്കൊപ്പം ചേരില്ലെന്നും പാര്‍ട്ടിയുടെ സെക്കുലര്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും വിജയ് പറഞ്ഞു.

മാമല്ലപുരത്ത് ടി.വി.കെ സംഘടിപ്പിച്ച് ഇഫ്താര്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ (ടി.വി.കെ) ഈ ടീമിന്റെയും ആ ടീമിന്റെയും ഭാഗമാണെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അങ്ങനെയൊരു ടീമില്ല, ഞങ്ങള്‍ ജനങ്ങളുടെ ടീമില്‍ മാത്രമാണ്.

എന്നിട്ടും പലരും പല തരത്തിലുമുള്ള അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതും വിജയിച്ചില്ല. ഒടുവില്‍ ഞങ്ങളൊരു സഖ്യത്തിന്റെ ഭാഗമാകാന്‍ പോകുന്നുവെന്ന തെറ്റായ പ്രചരണവും അവര്‍ ആരംഭിച്ചിരിക്കുകയാണ്,’ വിജയ് പറഞ്ഞു.

‘ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഒരുപക്ഷേ നിങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. ഞങ്ങള്‍ മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും വേണ്ടിയാണ് എല്ലായ്‌പ്പോഴും നിലകൊള്ളുകയെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല,’ വിജയ് കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പാര്‍ട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ പറഞ്ഞതുപോലെ, ഈ പാര്‍ട്ടി ഒരിക്കലും അതിന്റെ രാഷ്ട്രീയ ആശയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് നമ്മള്‍ ലക്ഷ്യത്തിലെത്തിച്ചേരും,’ വിജയ് പറഞ്ഞു.

ഏപ്രില്‍ 23നാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 234 മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണല്‍.

പാര്‍ട്ടി രൂപീകരണത്തിന് ശേഷം വിജയ് യും ടി.വി.കെയും നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. യുവാക്കളുടെ വോട്ടുകളാണ് ടി.വി.കെ ലക്ഷ്യമിടുന്നത്.

ഡി.എം.കെ.യ്ക്ക് ആധിപത്യമുള്ള ചെന്നൈയിലെ 16 മണ്ഡലങ്ങളും പിടിച്ചെടുക്കുകയെന്നത് തന്നെയാണ് ടി.വി.കെയുടെ പ്രധാന ലക്ഷ്യം. ഇതിനായി വിജയ് ഉള്‍പ്പെടെ ടി.വി.കെ.യുടെ പ്രധാന ഭാരവാഹികള്‍ ചെന്നൈയിലെ വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാകുമെന്നാണ് റിപ്പോര്‍ട്ട്. വിജയ് പെരമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനാണ് സാധ്യത.

 

Content Highlight: TVK president Vijay has completely rejected the possibility of an alliance with the BJP.

 

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.