ഇതില്‍ക്കൂടുതല്‍ അംഗീകരിക്കാനാവില്ല; ഇറക്കുമതിത്തീരുവയില്‍ ഇന്ത്യക്കെതിരെ വീണ്ടും വിമര്‍ശനവുമായി ട്രംപ്
World News
ഇതില്‍ക്കൂടുതല്‍ അംഗീകരിക്കാനാവില്ല; ഇറക്കുമതിത്തീരുവയില്‍ ഇന്ത്യക്കെതിരെ വീണ്ടും വിമര്‍ശനവുമായി ട്രംപ്
ന്യൂസ് ഡെസ്‌ക്
Tuesday, 9th July 2019, 8:09 pm

വാഷിങ്ടണ്‍: തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തിയ ഇന്ത്യയുടെ നയത്തിനെതിരെ വീണ്ടും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇതില്‍ക്കൂടുതല്‍ ഈ നടപടി അംഗീകരിക്കാനാവില്ലെന്നാണ് ഇന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്.

മുന്‍പ് യു.എസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ പിന്‍വലിക്കണമെന്ന് ട്രംപ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. തീരുവ ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു.

യു.എസ് പേപ്പര്‍ ഉത്പ്പന്നങ്ങളും ഹാര്‍ളി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളും പോലുള്ള അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ അനാവശ്യ നികുതി ഏര്‍പ്പെടുത്തുന്നുവെന്ന് അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു. ഇന്ത്യ, ചൈന, അമേരിക്ക പോലുള്ള രാജ്യങ്ങളുടെ ഇത്തരം നിലപാടുകള്‍ മൂലം കോടിക്കണക്കിന് ഡോളറുകളാണ് യു.എസിന് നഷ്ടമാകുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അനേകം രാജ്യങ്ങള്‍ ഇങ്ങനെ യു.എസിനെ കൊള്ളയടിക്കുകയാണെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു.

മുന്‍പ് ഇന്ത്യ ഒരു ‘നികുതി രാജാവാണെ’ന്നും യു.എസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ‘ഭീമമായ നികുതി’യാണ് ഇന്ത്യ ചുമത്തുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. ‘ദശാബ്ദങ്ങളായി കോടി ലക്ഷം കോടി കണക്കിന് ഇന്ത്യയും ചൈനയും ജപ്പാനും കൊണ്ട് പോകുകയാണ്. ഏത് രാജ്യത്തിന്റെ കാര്യമെടുത്താലും യു.എസിനോട് അവര്‍ ഇത് തന്നെയാണ് ചെയ്യുന്നത്. പക്ഷെ ഇനി നമ്മള്‍ തോറ്റ് കൊടുക്കില്ല.’ ട്രംപ് പറഞ്ഞു.

‘പുറം രാജ്യങ്ങളില്‍ നിന്നുള്ള പേപ്പര്‍ ഉത്പന്നങ്ങള്‍ക്ക് പൂജ്യം നികുതിയാണ് യു.എസ് ചുമത്തുന്നത്. എന്നാല്‍ വിസ്‌കോസിനിലെ പേപ്പര്‍ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ ചൈന വമ്പന്‍ നികുതിയാണ് ഈടാക്കുന്നത്, ഇന്ത്യയും അങ്ങനെ തന്നെ, വിയറ്റ്നാം ഇവരെക്കാള്‍കൂടുതല്‍ ഈടാക്കുന്നു.’ ട്രംപ് പറഞ്ഞു. യു.എസിന്റെ താല്പര്യങ്ങള്‍ക്ക് വില നല്‍കുന്ന ഒരു സര്‍ക്കാരിനെയാണ് യു.എസ്. ആവശ്യപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു.