അഗര്‍ത്തല: കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഭാരത് ബന്ദ് നടന്ന ദിവസം ഓഫീസിലെത്താതിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുറച്ച് ത്രിപുര സര്‍ക്കാര്‍. ഇന്ധനവിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 10ന് നടത്തിയ ഭാരത് ബന്ദിന് എല്ലാ ഉദ്യോഗസ്ഥരും ഓഫീസിലുണ്ടായിരിക്കണമെന്നും, വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കുമെന്നും നേരത്തേ ത്രിപുര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഗൗരവമായ കാരണങ്ങളാല്‍ ഓഫീസിലെത്താന്‍ സാധിക്കാതിരുന്നവര്‍ക്ക് മറുപടി നല്‍കാന്‍ അവസരമുണ്ടെന്നും വിഷയം നിര്‍വ്യാജമാണെന്നു തെളിഞ്ഞാല്‍ നടപടികളില്‍ നിന്നും ഒഴിവാക്കുമെന്നും ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബര്‍മന്‍ പറഞ്ഞു. രാജ്യത്തെ ഒരു സര്‍ക്കാരും ഔദ്യോഗികമായി ബന്ദുകളെ പിന്തുണയ്ക്കുമെന്നു കരുതുന്നില്ലെന്നും സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്തുടരാത്തവരോട് വിശദീകരണം ആവശ്യപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Also Read: ജെ.എന്‍.യു ചുവന്നു; മുഴുവന്‍ സീറ്റിലും ഇടതു സഖ്യത്തിന് തകര്‍പ്പന്‍ വിജയം

 

നടപടിയുണ്ടാകുമെന്നു കാണിച്ചുള്ള മെമ്മോറാണ്ടം സര്‍ക്കാര്‍ ഓഫീസുകളില്‍ കൈമാറിയിട്ടുണ്ട്. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്നും അണ്ടര്‍ സെക്രട്ടറി എം. രെമയാണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. ജോലിക്കെത്താതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അതാത് വകുപ്പുകളില്‍ കൃത്യമായ നടപടി കൈക്കൊള്ളണമെന്നാണ് നിര്‍ദ്ദേശം.

ഭാരത് ബന്ദിനു മുന്നോടിയായി പുറത്തിറക്കിയ ആദ്യ മെമ്മോയില്‍, സെപ്തംബര്‍ 10ന് ഓഫീസുകള്‍ സാധാരണരീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ഹാജര്‍ റിപ്പോര്‍ട്ടുകള്‍ ഉച്ചയ്ക്കു 12നു മുന്‍പായി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് കാര്യാലയത്തിലെത്തിക്കണമെന്നും പറഞ്ഞിരുന്നു.

ബന്ദ് ദിനത്തില്‍ എണ്‍പതു ശതമാനമാണ് സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.