[] ഉപഭോക്താവിന്റെ മനസ്സ് പിടിച്ചെടുക്കാന്‍ സ്മാര്‍ട് ഫോണ്‍ കമ്പനികള്‍ തമ്മില്‍ മത്സരമാണ്. എങ്ങനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാവാം എന്ന ചിന്തയുമായാണ് ഓരോ സ്മാര്‍ട് ഫോണും ഇന്ന് വിപണിയിലെത്തുന്നത്. ഇവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് മൂന്ന് സിമ്മുകള്‍ ഉപയോഗിക്കാവുന്ന സ്മാര്‍ട്ട്‌ഫോണുമായി രംഗത്തെത്തിയിരിക്കുകയാണ് തായ്‌വാന്‍ കമ്പനിയായ ഏസര്‍.
ഏസറിന്റെ ലിക്വിഡ് ഇ700 ട്രിയോ എന്ന പുതിയ മോഡലിലാണ് ട്രിപ്പിള്‍ സിം സൗകര്യം യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മൈക്രോ സിമ്മുകളാണ് ട്രിയോയില്‍ ഉപയോഗിക്കാന്‍ സാധിക്കുക.
720-1080 പിക്‌സല്‍ ക്ലാരിറ്റിയുള്ള ഫോണിന്റെ ഡിസ്‌പ്ലേ 5 ഇഞ്ചാണ്. ഓട്ടോഫോക്കസ് ജിയോ ടാഗിംഗും എല്‍.ഇ.ഡി ഫഌഷുള്ള മുന്‍ പിന്‍ക്യാമറകളാണ് ഏസര്‍ ട്രിയോയുടെ സവിശേഷത.
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം, മീഡിയാടെക് എംടി6582 ചിപ്‌സെറ്റ്, 1.2 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസ്സര്‍ എന്നിവ ഫോണിന് കരുത്തുപകരുന്നു. 2 ജിബി റാം ഉള്ള ട്രിയോക്ക് 16 ജിബിയുടെ ഇന്റേണല്‍ സ്‌റ്റോറേജുണ്ട്. മൈക്രോ എസ്ഡി ഉപയോഗിച്ച് 32 ജി.ബി വരെ ഉയര്‍ത്താമെന്നതും ഫോണിനെ പ്രിയങ്കരമാക്കുന്ന ഘടകങ്ങളാണ്.
3500 എം.എ.എച്ച് ബാറ്ററി പവര്‍ ദീര്‍ഘസമയം നീണ്ടുനില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കറുപ്പ്, ചുവപ്പ് നിറങ്ങളില്‍ ലഭിക്കുന്ന ട്രിയോക്ക് ഇന്ത്യന്‍ വിപണിയില്‍ 16,000 രൂപയാണ് വില.
