തിരുവനന്തപുരം: ഒരു വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷം ടി.പി സെന്‍കുമാര്‍ ഐ.പി.എസ് കേരളത്തിന്റെ ഡി.ജി.പിയായി ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്തെത്തിയ സെന്‍കുമാര്‍ ലോക്‌നാഥ് ബെഹ്‌റയില്‍ നിന്നാണ് ചുമതല ഏറ്റെടുത്തു. പുനര്‍നിയമനമായതിനാല്‍ ബാറ്റണ്‍ കൈമാറല്‍ ചടങ്ങ് പോലുള്ളവ ഉണ്ടായിരുന്നില്ല.
പദവി ഏറ്റെടുത്തതിന് ശേഷം സെന്‍കുമാര്‍ മാധ്യമങ്ങളോട് സംസാരിച്ചു. സര്‍ക്കാറുമായി ഏറ്റുമുട്ടലുണ്ടാകില്ലെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ചാണ് ചുമതലയേറ്റതെന്നും അദ്ദേഹം പറഞ്ഞു. 11 മാസത്തിന് ശേഷമാണ്.
നല്ല കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. തന്റെ ആഗ്രഹവും അത് തന്നെയാണ്. താഴെയുള്ള ഓഫീസര്‍മാരെ തനിക്ക് നന്നായി അറിയാം. അവര്‍ എങ്ങനെ പെരുമാറുമെന്നും അറിയാം. റേഞ്ച് യോഗങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കും.
പൊലീസ് ഉപദേഷ്ടാവ് മുഖ്യമന്ത്രിയ്ക്കാണ്. അദ്ദേഹം മുഖ്യമന്ത്രിയെ ഉപദേശിച്ചോളും.
തന്റെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വിഘാതമാകില്ല. ഡി.വൈ.എസ്.പിമാരെ മാറ്റാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. അതില്‍ ബേജാറാകേണ്ട കാര്യമില്ല. സ്ത്രീസുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും വാഹനാപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
സര്‍ക്കാറിനും ജനങ്ങള്‍ക്കും വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുക എന്നതിനാണ് തന്റെ മുന്‍ഗണന. നഗരങ്ങളില്‍ കൂടുതല്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തന്റെ നിയമ പോരാട്ടത്തെ സംബന്ധിച്ചും അതിന്റെ തുടര്‍ച്ചയെസംബന്ധിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം മറുപടി നല്‍കിയില്ല. അതൊന്നും പറയാനുള്ള സമയമല്ല ഇതെന്നാണ് അദ്ദേഹം പറഞ്ഞത്.
