കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധ ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി.

കേസില്‍ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ എന്നതില്‍ സംശയമുണ്ട്. ഇക്കാര്യത്തില്‍ നേരത്തെ തന്നെ അന്വേഷണം നടത്തിയതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

വധ ഗൂഢാലോചന കേസില്‍ പ്രതികളുടെ മേല്‍ കുറ്റം കണ്ടെത്തി ശിക്ഷിക്കപ്പെട്ട് കഴിഞ്ഞു. പിന്നെ എങ്ങനെ പുതിയ അന്വേഷണം സാധ്യമാകും എന്നും ഹൈക്കോടതി ചോദിച്ചു.

തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണം നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇതില്‍ പുതിയ പ്രതികള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇക്കാര്യം അന്വേഷിക്കാന്‍ ആകൂവെന്നും കോടതി പറഞ്ഞു.

കേസ് ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. ടി.പിയുടെ ഭാര്യ കെ.കെ രമയാണ് വധശ്രമ ഗൂഡാലോചന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.