ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Autobeatz
എയര്‍ബാഗുകള്‍ സുരക്ഷിതമല്ല; ടൊയോട്ടയും ഹോണ്ടയും ലക്ഷക്കണക്കിന് കാറുകള്‍ തിരിച്ചു വിളിക്കുന്നു
ന്യൂസ് ഡെസ്‌ക്
Friday 12th January 2018 2:04pm

സുരക്ഷിതമല്ലാത്ത എയര്‍ബാഗുകള്‍ ഘടിപ്പിച്ചതുമൂലം ജാപനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടയും ടൊയോട്ടയും ലക്ഷക്കണക്കിന് കാറുകള്‍ തിരിച്ചുവിളിക്കുന്നു. കമ്പനികള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് 601000 കാറുകളാണ് ടൊയോട്ട പിന്‍വലിക്കുന്നത്. അതേസമയം 465000 കാറുകളും 960 ഗോള്‍ഡ് വിങ് ബൈക്കുകളുമാണ് ഹോണ്ട തിരിച്ചു വിളിക്കുന്നത്.

ടൊയോട്ട, ഹോണ്ട, ബി.എം.ഡബ്‌ള്യൂ എ.ജി, ജനറല്‍ മോട്ടോര്‍സ് , ജാഗ്വര്‍ ലാന്റ്‌റോവര്‍ തുടങ്ങിയവയില്‍ നിന്നായി ടകാത എന്ന ജാപനീസ് സ്‌പെയര്‍പാട്‌സ് കമ്പനി തങ്ങളുടെ 3.3 ലക്ഷം എയര്‍ബാഗുകള്‍ തിരിച്ചുവിളിക്കുന്നു എന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് നടപടി.

കാറപകടങ്ങളിലെ മരണനിരക്ക് പകുതിയോളം കുറയ്ക്കാന്‍ കഴിവുള്ള സുരക്ഷാ സംവിധാനമാണ് എയര്‍ബാഗ്. അപകടമുണ്ടായാല്‍ സ്വയം പ്രവര്‍ത്തിച്ച് യാത്രക്കാരുടെ ജീവനു സംരക്ഷണമേകുക എന്നതാണ് എയര്‍ബാഗിന്റെ പ്രവര്‍ത്തന രീതി. എന്നാല്‍ എയര്‍ബാഗ് തന്നെ യാത്രക്കാര്‍ക്ക് ഭീഷണിയാവുന്ന തരത്തില്‍ ആയതുമൂലമാണ് കമ്പനിക്ക് എയര്‍ബാഗുകള്‍ തിരിച്ചു വിളിക്കേണ്ടി വന്നത്.

ആഘാതം ഉണ്ടാകുമ്പോള്‍ സെന്‍സറുകളില്‍ നിന്നുള്ള സിഗ്‌നലുകള്‍ വിലയിരുത്തുന്ന ഇലക്ട്രോണിക് നിയന്ത്രണ യൂണിറ്റാണ് നൈട്രജന്‍ വാതകം നിറച്ച നേര്‍ത്ത നൈലോണ്‍ നിര്‍മിത എയര്‍ബാഗിന്റെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നത്. മണിക്കൂറില്‍ 16 മുതല്‍ 26 കിമീ വരെ വേഗത്തില്‍ ഒരു ഇഷ്ടിക ഭിത്തിയില്‍ ഇടിക്കുന്നതിനു തുല്യമായ ആഘാതം സെന്‍സറില്‍ നിന്നു തിരിച്ചറിഞ്ഞാല്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കും.

രാസപ്രവര്‍ത്തനത്തിലൂടെ നൈട്രജന്‍ ഉത്പാദിപ്പിക്കുന്ന ഇന്‍ഫ്‌ളേഷന്‍ യൂണിറ്റാണ് ഇ.സി.യുവില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം എയര്‍ബാഗ് വികസിപ്പിക്കുന്നത്. മണിക്കൂറില്‍ 322 കി.മീ വരെ വേഗത്തില്‍ ഒരു സ്‌ഫോടനം കണക്കെയാണ് എയര്‍ബാഗ് വികസിച്ചു പുറത്തേക്ക് വരുന്നത്.

എന്നാല്‍ വേണ്ടത്ര ഗുണമേന്മയില്ലാത്ത എയര്‍ബാഗ് ആണെങ്കില്‍ സ്‌ഫോടന സമയത്ത് പലപ്പോഴും ഇന്‍ഫ്‌ളേറ്റര്‍ പൊട്ടിത്തെറിച്ച് യാത്രക്കാരുടെ മേല്‍ ലോഹച്ചീളുകള്‍ തെറിച്ച് അപകടമുണ്ടാവുന്നതിന് കാരണമായിത്തീരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനി തന്നെ തങ്ങളുടെ ഗുണമേന്മയില്ലാത്ത എയര്‍ബാഗുകള്‍ തിരിച്ചുവിളിച്ചത്. എന്നാല്‍ 2015 വരെയും ടകാത തങ്ങളുടെ തകരാറ് ഔദ്യോഗികമായി സമ്മതിച്ചിരുന്നില്ല.

ഇതാദ്യമല്ല എയര്‍ബാഗിന്റെ സുരക്ഷിതത്വമില്ലായ്മ മൂലം ഇന്ത്യയില്‍ കാറുകള്‍ തിരിച്ചു വിളിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുളളില്‍ ഹോണ്ട, നിസാന്‍, ടൊയോട്ട തുടങ്ങിയ കമ്പനികള്‍ മോശം കണ്ടീഷനിലുള്ള എയര്‍ബാഗുകള്‍ മൂലം കാറുകള്‍ തിരിച്ചു വിളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ജാസ്,സിറ്റി,സിവിക് തുടങ്ങിയ മോഡലുകളില്‍ നിന്നായി 41571 കാറുകളാണ് ഹോണ്ട തിരിച്ചുവിളിച്ചത്.

Advertisement