അരുൺ അനിരുദ്ധന്റെ സംവിധാനത്തിൽ പുറത്തിറങ്ങി തിയേറ്ററുകളിൽ വൻ വിജയമായി മാറിയ ചിത്രമാണ് ‘അതിരടി’. ബേസിൽ ജോസഫ് ആദ്യമായി നിർമാണം നിർവഹിച്ച ഈ ചിത്രത്തിൽ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, റിയ ഷിബു, ദർശന രാജേന്ദ്രൻ തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്.
തിയേറ്റർ വിജയത്തിന് ശേഷം ചിത്രം ഇപ്പോൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും സ്ട്രീമിംഗ് ആരംഭിച്ച് കഴിഞ്ഞു. ചിത്രത്തിലെ ടൊവിനോയുടെ ‘തോട്ട കുട്ടൻ’ എന്ന വില്ലൻ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിനിമയുടെ അവസാനം ടൊവിനോയുടെ കുട്ടിക്കാലം കാണിക്കുന്ന ‘അമ്മപ്പുതപ്പെ’ എന്ന ഗാനരംഗത്തിൽ ടൊവിനോയുടെ മകൻ തഹാൻ തോമസ് ആണ് അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കണ്ടതിന് ശേഷമുള്ള മകന്റെ രസകരമായ പ്രതികരണം പങ്കുവെക്കുകയാണ് താരം. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഈ വിശേഷങ്ങൾ തുറന്നുപറഞ്ഞത്.
അതിരടിയിൽ തന്റെ മകനെ അഭിനയിപ്പിക്കാൻ കൊണ്ട് വരാൻ തീരുമാനിച്ചത് താൻ അല്ലെന്നും ഷൂട്ടിങ്ങും എഡിറ്റിംഗും കഴിഞ്ഞ ശേഷം അത്തരമൊരു സീൻ ചേർത്താൽ നന്നായിരിക്കും എന്ന് എഡിറ്റർ പറഞ്ഞതനുസരിച്ചാണ് തഹാൻ എത്തിയത്. ടോവിനോയുടെ മുഖഛായ ഉള്ള ഒരു കുട്ടി വേണം എന്നുള്ളതുകൊണ്ട് അവരാണ് തഹാനെ കൊണ്ടുവരാൻ തീരുമാനിച്ചതെന്നും ടൊവിനോ പറയുന്നു.
സിനിമ ഇറങ്ങി കഴിഞ്ഞു സ്വന്തം അഭിനയം കണ്ടു എല്ലാവരും അഭിന്ദിച്ചപ്പോൾ തഹാൻ വലിയ സന്തോഷത്തിൽ ആയിരുന്നു എന്നും ടൊവിനോ പറയുന്നു. അഭിനയിച്ച സമയത്ത് അതിന്റെ ഗൗരവമോ ഒന്നും അറിയാതെയാണ് തഹാൻ അഭിനയിച്ചതെന്നും സിനിമയിൽ കുറച്ചു ഭാഗം മാത്രം ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് മാത്രമേ ഉണ്ടായിരുന്നു എന്നും ടൊവിനോ കൂട്ടിച്ചേർത്തു.
തഹാന്റെ അഭിനയം കണ്ട ശേഷം എല്ലാവരും കൊള്ളാം അടിപൊളി ആയിട്ടുണ്ട് എന്നൊക്കെ പറഞ്ഞപ്പോൾ അപ്പയുടെ അടുത്ത ലോകഃ 2 ൽ അപ്പയുടെ ചെറുപ്പകാലം ഞാൻ വേണേൽ അഭിനയിക്കാം കേട്ടോ എന്നൊക്കെ തഹാൻ പറഞ്ഞു എന്നും ടൊവിനോ പറയുന്നു.
ചിദംബരം സംവിധാനം ചെയ്ത ബാലൻ ആണ് ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിലെ അബ്ബാസ് എന്ന കഥാപാത്രത്തിനും കയ്യടികൾ ലഭിക്കുന്നുണ്ട്.
Content Highlight;Tovino Thomas talks about his son Thahaan thomas