തിയ്യേറ്ററുകളില്‍ വലിയ സ്വീകരണമൊന്നും ലഭിക്കാതിരുന്ന ചിത്രമായിരുന്നു ടൊവിനോ നായകനായ ഗപ്പി. എന്നാല്‍ ചിത്രത്തിന്റെ ഡി.വി.ഡി റിലീസായതിനു പിന്നാലെ ഗപ്പിയെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ് ഉയരുന്നത്.
ചിത്രം കണ്ട പ്രേക്ഷകരില്‍ പലരും അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചിത്രം തിയ്യേറ്ററില്‍ പോയി കാണാതിരുന്നതില്‍ ക്ഷമചോദിക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രേക്ഷകര്‍ക്കു മുമ്പാകെ ഒരു ഒരു ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗപ്പിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടൊവിനോ തോമസ്.
ഗപ്പി റീ റിലീസ് ചെയ്താല്‍ നിങ്ങളൊക്കെ പോയി കാണുമോ? എന്നാണ് ടൊവിനോ ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ടൊവിനോ ഈ ചോദ്യം മുന്നോട്ടുവെച്ചത്.
“പ്രൊഡ്യൂസര്‍ ചോദിക്കാന്‍ പറഞ്ഞതുകൊണ്ട് ചോദിക്കുവാ, ഗപ്പി തിയേറ്ററില്‍ നിന്ന് കാണാന്‍ പറ്റാഞ്ഞത് നഷ്ടമായിപ്പോയി എന്ന് ഒരു പാട് പേര്‍ പറഞ്ഞിരുന്നു. അതൊക്കെ ശരിക്കും ആത്മാര്‍ത്ഥമായി പറഞ്ഞതാണോ?
എങ്കില്‍ പടം റീ റിലീസ് ചെയ്യട്ടെ?
നിങ്ങളൊക്കെ പോയി കാണുവോ?
തിയേറ്ററില്‍ ആസ്വദിക്കാന്‍ പോന്ന ക്വാളിറ്റിയില്‍ ഒരുക്കിയ സിനിമ ലാപ് ടോപ്പിലും മൊബൈലിലും മാത്രം ഭൂരിപക്ഷം ആളുകള്‍ കാണുന്നതാണ് ഈ ചോദ്യം ചോദിക്കാന്‍ കാരണം.” ടൊവിനോ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നേരത്തെ ഗപ്പി റിലീസായ വേളയില്‍ ചിത്രം കണ്ട് കാശുപോയി എന്ന് ഫേസ്ബുക്കില്‍ കമന്റിട്ട ഒരാള്‍ക്കെതിരെ ടൊവിനോ രംഗത്തുവന്നിരുന്നു. എത്രകാശ് പോയി എന്നതും ബാങ്ക് അക്കൗണ്ട് നമ്പറും അയച്ചു തന്നാല്‍ പൈസ അയച്ചുതരാമെന്ന് ഇയാള്‍ക്ക് മറുപടി നല്‍കുകയും ചെയ്തിരുന്നു.
