ലോകമെമ്പാടും ആരാധകരുള്ള ഹോളിവുഡ് സംവിധായകന്‍ ക്വിന്റന്‍ ടൊരന്റിനോയുടെ പുതിയ ചിത്രമായ Once Upon a Time in Hollywood ന്റെ ചിത്രീകരണം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ തന്റെ ഫസ്റ്റ് ലുക്ക് ഫോട്ടോ ലിയനാര്‍ഡോ ഡി കാപ്രിയോ ട്വിറ്ററില്‍ പങ്കുവെച്ചു.

അറുപതുകളിലെ ഹോളിവുഡിനെ ഓര്‍മ്മിപ്പിക്കുന്ന വേഷത്തിലാണ് ഡി കാപ്രിയോയും ബ്രാഡ് പിറ്റും ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

1969ലെ ഹോളിവുഡ് പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡില്‍ അവസരം അന്വേഷിച്ചുകൊണ്ടിരിക്കുന്ന സീരിയല്‍ താരമായ ഡി കാപ്രിയോയുടെയും അയാളുടെ സ്റ്റണ്ട് ഡബിളായ ബ്രാഡ് പിറ്റിന്റെയും കഥാപാത്രങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.

വമ്പന്‍ താരനിരയോടൊപ്പമാണ് “Once Upon a Time in Hollywood” അണിയറയില്‍ ഒരുങ്ങുന്നത്. മൈക്കല്‍ മാഡ്സണ്‍, സോ ബെല്‍, ടിം റോത്ത്, അല്‍ പച്ചിനോ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

ലോസ് ഏഞ്ചില്‍സിലും പരിസര പ്രദേശങ്ങളിലുമായാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെങ്കിലും പത്ത് ചിത്രങ്ങളോടെ വിരമിക്കുമെന്നു ടൊരന്റിനോ പ്രഖ്യാപിച്ചിരുന്നതിനാല്‍ ഇതിനുശേഷം ഒരു ചിത്രം മാത്രമേ സംവിധായകനില്‍ നിന്നും ഉണ്ടാവുകയുള്ളു എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.

Kill Bill ന്റെ രണ്ടു ഭാഗങ്ങളും ഒരു ചിത്രമായി ടൊരന്റിനോ കണക്കാക്കുന്നതിനാല്‍ “Once Upon a Time in Hollywood” അദ്ദേഹത്തിന്റെ ഒമ്പതാമത്തെ ചിത്രമായിരിക്കും

പാരമൗണ്ട് പിക്ച്ചേഴ്സുമായി ചേര്‍ന്ന് ടൊരന്റിനോ ഒരുക്കുന്ന ആദ്യ ചിത്രമാണിത്.

First look. #OnceUponATimeInHollywood

A post shared by Leonardo DiCaprio (@leonardodicaprio) on