
ന്യൂദല്‍ഹി: അഫ്‌സല്‍ ഗുരുവിന്റെ കേസ് കൈകാര്യം ചെയ്തതില്‍ തെറ്റുപറ്റിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ അഭ്യന്തരമന്ത്രിയുമായ പി. ചിദംബരം. ആക്രമണത്തിന് പിന്നില്‍ അഫ്‌സല്‍ ഗുരുവിന് പങ്കുണ്ടായിരുന്നോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നതായും ചിദംബരം പറഞ്ഞു. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയ കോടതിയുടെ തീരുമാനം ശരിയായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ചിദംബരം. മൂന്ന് വര്‍ഷം മുന്‍പ് ചിദംബരം അംഗമായിരുന്ന യു.പി.എ സര്‍ക്കാരാണ് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയിരുന്നത്.
പാര്‍ലമെന്റ് ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയില്‍ അഫ്‌സല്‍ ഗുരുവിന് എത്രത്തോളം പങ്കുണ്ടായിരുന്നു എന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചാല്‍ മതിയായിരുന്നെന്നും ചിദംബരം പറഞ്ഞു.
Related: പാര്‍ലമെന്റിലേത് വെറും അഭിനയം, സ്മൃതി ഇറാനി പറഞ്ഞത് പച്ചക്കള്ളം, തെളിവുകള്‍ ഇതാ
കോടതിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് സര്‍ക്കാരിന് പറയാനാവുമായിരുന്നില്ല. കാരണം സര്‍ക്കാരാണ് അഫ്‌സല്‍ ഗുരുവിനെ പ്രോസിക്യൂട്ട് ചെയ്തത്. പക്ഷെ ഒരു സ്വതന്ത്ര വ്യക്തിക്ക് കേസ് ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തതെന്ന നിലപാട് പുലര്‍ത്താനാകുമെന്നും ചിദംബരം പറഞ്ഞു. ഈ നിലപാട് വെച്ചു പുലര്‍ത്തുന്നവരെ ദേശവിരുദ്ധരെന്ന് പറയുന്നത് തെറ്റാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് യു.പി.എ ആണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അന്ന് താന്‍ അഭ്യന്തരമന്ത്രി അല്ലായിരുന്നു എന്നാണ് ചിദംബരം മറുപടി പറഞ്ഞത്. താന്‍ ആ പദവിയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
2013ല്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെ അഭ്യന്തരമന്ത്രിയായിരിക്കെയാണ് അഫ്‌സല്‍ ഗുരുവിനെ യു.പി.എ സര്‍ക്കാര്‍ രഹസ്യമായി തൂക്കിലേറ്റിയിരുന്നത്. 2008-2012 വരെ ചിദംബരമായിരുന്നു അഭ്യന്തരമന്ത്രി.
ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെയും കോടതി വിമര്‍ശിച്ചു. ആദ്യ വാദം കേള്‍ക്കലില്‍ തന്നെ രാജ്യദ്രോഹക്കുറ്റം കോടതി എടുത്തു മാറ്റുമെന്നും ചിദംബരം പറഞ്ഞു. അക്രമണത്തിന് പ്രേരിപ്പിച്ചാല്‍ മാത്രമാണ് രാജ്യദ്രോഹമാവുകയുള്ളൂവെന്നും സ്വതന്ത്രാഭിപ്രായം പറയുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്നും ചിദംബരം പറഞ്ഞു.
ജെ.എന്‍.യുവില്‍ മുഴങ്ങിയ മുദ്രാവാക്യം ദേശദ്രോഹമാവുകയില്ലെന്നും ഈ പ്രായത്തില്‍ തെറ്റ് പറ്റാനുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്കുണ്ടെന്നും ചിദംബരം പറഞ്ഞു.
