ലണ്ടൻ: ഇസ്രഈലി ഔഷധ ഭീമനായ ‘ടെവ’യുമായുള്ള എല്ലാ വാണിജ്യ പങ്കാളിത്തങ്ങളും അവസാനിപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ നഴ്‌സിംഗ് യൂണിയനായ യു.കെയിലെ റോയൽ കോളേജ് ഓഫ് നഴ്‌സിംഗ്.

ഇസ്രഈൽ സൈന്യവുമായുള്ള കമ്പനിയുടെ ബന്ധവും സാമ്പത്തിക തിരിമറി, കൈക്കൂലി തുടങ്ങിയ മുൻകാല കോർപ്പറേറ്റ് ക്രമക്കേടുകളും കണക്കിലെടുത്താണ് നിർണായക തീരുമാനം.

തീരുമാനത്തിന്റെ ഭാഗമായി, ലണ്ടനിലെ ആർ.സി.എൻ ആസ്ഥാനത്ത് നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയുടെ മുഖ്യ സ്പോൺസർ സ്ഥാനത്തുനിന്ന് ‘ടെവ യു.കെ’യെ ഔദ്യോഗികമായി ഒഴിവാക്കി.

ഗസയിലെ വംശഹത്യക്കും വെസ്റ്റ് ബാങ്കിലെ വർണവിവേചന നയങ്ങൾക്കുമെതിരെ ഇസ്രഈലിനെ സാമ്പത്തികമായും സാംസ്കാരികമായും ഒറ്റപ്പെടുത്താൻ പ്രവർത്തിക്കുന്ന രാജ്യാന്തര ‘ബി.ഡി.എസ്’ പ്രസ്ഥാനത്തിന് ലഭിച്ച വൻ വിജയമായാണ് ഫലസ്തീൻ അനുകൂല സംഘടനകൾ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്.

ആറ് ലക്ഷത്തോളം നഴ്‌സുമാർ അംഗങ്ങളായ ആർ.സി.എൻ, സംഘടനയിലെ അംഗങ്ങളായ ആരോഗ്യപ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ടെവയുമായുള്ള ബന്ധം വിച്ഛേദിക്കാൻ തയ്യാറായത്. ‘നഴ്‌സസ് ഫോർ ഫലസ്തീൻ’, ‘യു.കെ ഹെൽത്ത്‌കെയർ പെറ്റീഷൻസ് ടു റോയൽ കോളേജസ്’ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായ ഒപ്പുശേഖരണവും പ്രതിഷേധവും നടന്നിരുന്നു.

ഇസ്രഈൽ സൈന്യവുമായും അവിടുത്തെ വർണവിവേചന ഭരണകൂടവുമായും ആഴത്തിൽ ബന്ധമുള്ള ഒരു കോർപ്പറേറ്റ് ഭീമനിൽനിന്ന് സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് നഴ്സിങ് തൊഴിലിന്റെ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യപ്രവർത്തകർ നേരത്തെ യൂണിയൻ നേതൃത്വത്തിന് തുറന്ന കത്തെഴുതിയിരുന്നു. ഗസയിലെ വംശഹത്യയിൽ വ്യക്തമായ നിലപാടെടുക്കാൻ വിസമ്മതിച്ച നേതൃത്വം, ‘രാഷ്ട്രീയ നിഷ്പക്ഷത’ എന്ന പേരിൽ ഇത്തരം കൂട്ടുകെട്ടുകൾ തുടരുന്നത് ഇരട്ടത്താപ്പാണെന്നും കത്തിൽ കുറ്റപ്പെടുത്തി.

ഇതേത്തുടർന്ന് യൂണിയൻ എടുത്ത തീരുമാനം ആർ.സി.എൻ കൗൺസിൽ ചെയർ കാർമൽ ഒബോയ്ൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
‘ടെവ ഫാർമസ്യൂട്ടിക്കൽസ് മുൻകാലങ്ങളിൽ ഏർപ്പെട്ട പല ഇടപാടുകളും നിയമനടപടികൾക്കും പരസ്യമായ വിമർശനങ്ങൾക്കും വിധേയമായിട്ടുള്ളതാണ്. ഇത് ഞങ്ങളുടെ സ്ഥാപനപരമായ ധാർമികതയ്ക്ക് നിരക്കുന്നതല്ല. അതിനാൽ ടെവയുമായുള്ള എല്ലാ വാണിജ്യ ഇടപാടുകളും അവസാനിപ്പിക്കുന്നുവെന്ന്’ അദ്ദേഹം പറഞ്ഞു.

ജീവൻ രക്ഷിക്കാനും മനുഷ്യത്വപരമായ പരിചരണത്തിനും സമർപ്പിക്കപ്പെട്ട ഒരു പ്രൊഫഷണൽ സംഘടനയെ സ്പോൺസർ ചെയ്യാൻ യുദ്ധക്കുറ്റങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഒരു കമ്പനിക്ക് യാതൊരു അർഹതയുമില്ലെന്ന് നഴ്‌സസ് ഫോർ ഫലസ്തീൻ വ്യക്തമാക്കി. വംശഹത്യ നടത്തുന്ന ഭരണകൂടങ്ങൾക്ക് പിന്തുണ നൽകുന്ന കമ്പനികളുമായി ആരോഗ്യ സംഘടനകൾ കൂട്ടുകൂടുന്നത് അംഗീകരിക്കാനാകില്ലെന്ന് യു.കെ.എച്ച്.പി.ആർ.സിയും പ്രതികരിച്ചു.

അതേസമയം, ആർ.സി.എന്നിന്റെ തീരുമാനത്തിൽ നിരാശയുണ്ടെന്നും യൂണിയൻ ആരോഗ്യരംഗത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ടെവ പ്രതികരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ജനറിക് മരുന്ന് നിർമ്മാതാക്കളായ ടെവയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മുൻപും ഉയർന്നിട്ടുള്ളത്. മരുന്നുകളുടെ വില കൃത്രിമമായി നിശ്ചയിക്കൽ, കൈക്കൂലി, മാർക്കറ്റിലെ കുത്തക ദുരുപയോഗം എന്നിവയ്ക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യൂറോപ്യൻ കമ്മീഷനും അമേരിക്കൻ അധികൃതരും ചേർന്ന് ഏകദേശം 1.3 ബില്യൺ ഡോളർ പിഴ കമ്പനിക്ക് ചുമത്തിയിട്ടുണ്ട്. ഇതിനുപുറമെ യുഎസിൽ സമാനമായ മറ്റൊരു കേസും കമ്പനി ഇപ്പോൾ നേരിടുന്നുണ്ട്.

Content Highlight:The world’s largest nursing union has severed ties with the Israeli pharmaceutical company ‘Teva’.