നസ്രിയ, നാനി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന അണ്ടേ സുന്ദരാനികിയിലെ മൂന്നാമത്തെ പാട്ട് പുറത്ത്. ‘തന്താനാനന്ത’ എന്ന പാട്ട് സരിഗമ തെലുങ്ക് ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. തെലുങ്ക് ടിപ്പിക്കല്‍ സ്റ്റൈലിലൊരുക്കിയ പാട്ടില്‍ ഹൈ വോള്‍ട്ടേജ് എനര്‍ജിയിലാണ് നസ്രിയയും നാനിയും ഡാന്‍സ് കളിക്കുന്നത്. പരമ്പരാഗത ഹിന്ദു, ക്രിസ്ത്യന്‍ രീതിയിലുള്ള ഇരുവരുടെയും വിവാഹ ഒരുക്കങ്ങളും പാട്ടില്‍ കാണിക്കുന്നുണ്ട്.

ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് അണ്ടേ സുന്ദരാനികിയുടെ പ്രമേയം. സുന്ദര്‍, ലീല എന്നീ കഥാപാത്രങ്ങളെയാണ് നാനിയും നസ്രിയയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി ജൂണ്‍ 10ന് റിലീസ് ചെയ്യും.

മലയാളത്തിലും തമിഴിലുമെത്തുന്ന ചിത്രത്തിന്റെ മലയാളം പേര് ആഹാ സുന്ദരാ എന്നാണ്. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് അണ്ടേ സുന്ദരാനികി.

നവീന്‍ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.

നദിയ മൊയ്തു, ഹര്‍ഷ വര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീകാന്ത് ഒദേലയുടെ സംവിധാനത്തിലൊരുങ്ങുന്ന ദസറയാണ് നാനിയുടെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഷംസു സൈബ സംവിധാനം ചെയ്ത മണിയറയില്‍ അശോകനാണ് ഒടുവില്‍ നസ്രിയ അഭിനയിച്ച ചിത്രം.

Content Highlight: The third song of Ande Sundaraniki starring Nazriya and Nani is out