ധനുഷിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെതിരെ പരാതിയുയര്‍ന്നതോടെ ചിത്രീകരണം നിര്‍ത്തി വെച്ചു. തിരുപ്പതിയില്‍ നടക്കുന്ന ഷൂട്ടിങ്ങിനെതിരെയാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുവെന്ന പരാതി ഉയര്‍ന്നത്.

ഡി.എന്‍.എസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് നിര്‍ത്തിവെച്ചത്. ഷൂട്ടിങ് നടപടികള്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുവെന്ന് കാണിച്ച് സിനിമാ യൂണിറ്റിനെതിരെ പരാതി വന്നതോടെ സിനിമയുടെ ചിത്രീകരണത്തിനുള്ള അനുമതി അധികൃതര്‍ റദ്ദാക്കാക്കുകയായിരുന്നു.

അതോടെ ഇപ്പോള്‍ ഷൂട്ടിങ് തടസപ്പെട്ടിരിക്കുകയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഇത് വലിയ തിരിച്ചടിയാകും. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ അടുത്തിടെയായിരുന്നു നടന്നത്.

ആംബുലന്‍സുകളുടെ യാത്രയ്ക്ക് പോലും തടസമുണ്ടാക്കുന്ന സാഹചര്യം വന്നതോടെയാണ് തിരുപ്പതി പൊലീസ് ചിത്രത്തിന് അനുവദിച്ച അനുമതി റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ധനുഷും തെലുങ്ക് താരം നാഗാര്‍ജുനയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍ നാഗാര്‍ജുന ഗ്യാങ്സ്റ്ററായാണ് അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നിര്‍മാതാക്കള്‍ ഇതുവരെ ഈ കാര്യം സ്ഥിരീകരികരിച്ചിട്ടില്ല.

തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലാകും ചിത്രം പുറത്തിറങ്ങുന്നത്. ധനുഷ്, നാഗാര്‍ജുന എന്നിവരെ കൂടാതെ രശ്മിക മന്ദാന, ജിം സര്‍ബ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് മാര്‍ത്താണ്ഡം കെ. വെങ്കിടേഷ് നിര്‍വഹിക്കുന്നു.

Content Highlight: The shooting of the Dhanush’s dns film has been halted