ലോക്‌സഭയില്‍ തിരിച്ചടിക്കു വഴിവെച്ച പിണറായി വിജയന്റെ ഏഴ് രാഷ്ട്രീയ അബദ്ധങ്ങള്‍: ഇന്ത്യാ ടുഡേ പറയുന്നത് ഇതാണ്
2019 loksabha elections
ലോക്‌സഭയില്‍ തിരിച്ചടിക്കു വഴിവെച്ച പിണറായി വിജയന്റെ ഏഴ് രാഷ്ട്രീയ അബദ്ധങ്ങള്‍: ഇന്ത്യാ ടുഡേ പറയുന്നത് ഇതാണ്
ന്യൂസ് ഡെസ്‌ക്
Friday, 14th June 2019, 11:44 am

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന്റെ തോല്‍വിയ്ക്കു വഴിവെച്ച ഏഴ് കാരണങ്ങള്‍ നിരത്തി ഇന്ത്യാ ടുഡേ. ദ സെവന്‍ ഡഡ്‌ലി പൊളിറ്റിക്കല്‍ സിന്‍സ് ഓഫ് പിണറായി വിജയന്‍’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലൂടെയാണ് ഇന്ത്യാ ടുഡേയുടെ വിലയിരുത്തല്‍.

ഇന്ത്യാ ടുഡേ നിരത്തിയ ഏഴ് കാരണങ്ങള്‍ ഇവയാണ്:

1. ശബരിമല വിഷയത്തിലെ നിലപാടുകള്‍ തിരിച്ചടിയാവുമെന്ന് മുന്‍കൂട്ടി കണ്ടില്ല

2018 സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ പ്രായഭേദമന്യേ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. ഈ വിധിയെ ലിംഗസമത്വം ഉറപ്പാക്കാനും തന്റെ പരിഷ്‌കര്‍ത്താവ് ‘ഇമേജ്’ ഊട്ടിയുറപ്പിക്കാനുമാണ് പിണറായി വിജയന്‍ ഉപയോഗിച്ചതെന്നാണ് ഇന്ത്യാ ടുഡേ വിലയിരുത്തുന്നത്. എന്നാല്‍ ശബരിമല ഭക്തര്‍ മറ്റൊരു രീതിയിലാണ് വിധിയെ കണ്ടത്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ ക്രമസമാധാന പ്രശ്‌നമായാണ് പിണറായി വിജയന്‍ അതിനെ കൈകാര്യം ചെയ്തതെന്നും അതിന് വലിയ വിലനല്‍കേണ്ടിവന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സി.പി.ഐ.എമ്മിന്റെ പരമ്പരാഗത വോട്ടുബാങ്കായ ഈഴവ സമുദായം പോലും ഇടതുപക്ഷത്തെ ഉപേക്ഷിച്ച് ബി.ജെ.പിയെയോ കോണ്‍ഗ്രസിനെയോ പിന്തുണച്ചെന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്നും ഇന്ത്യാ ടുഡേ വിലയിരുത്തുന്നു. പരമ്പരാഗത ശക്തി കേന്ദ്രങ്ങളായ കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങള്‍ നഷ്ടപ്പെടാന്‍ ഇതു കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ വേണ്ടരീതിയില്‍ പരിശോധിച്ചില്ല

രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെ നേരിടുന്ന തന്റെ അണികളെ നിലയ്ക്കു നിര്‍ത്തുന്നതില്‍ പിണറായി വിജയന്‍ പരാജയപ്പെട്ടെന്നാണ് മറ്റൊരു വിലയിരുത്തല്‍. അക്രമരാഷ്ട്രീയത്തോട് സാധാരണ ജനങ്ങള്‍ക്കുള്ള എതിര്‍പ്പ് പാര്‍ട്ടിക്ക് വലിയ കോട്ടമുണ്ടാക്കി. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം മുതല്‍ ജനങ്ങള്‍ക്കിടയിലുണ്ടായ രോഷം പെരിയ കൊലപാതകത്തോടെ അതിന്റെ ഔന്നത്യത്തിലെത്തി. ഈ രോഷത്തിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലും കണ്ടെന്നാണ് ഇന്ത്യാ ടുഡേയുടെ വിലയിരുത്തല്‍.

3. രാഹുല്‍ ഗാന്ധി ഘടകത്തെ വിലകുറച്ചു കണ്ടു

വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കടന്നുവരവിനെ പിണറായി വിജയന്‍ വിലകുറച്ചു കണ്ടു. രാഷ്ട്രീയ അഭയാര്‍ത്ഥിയായാണ് രാഹുലിനെ സി.പി.ഐ.എം നേതാക്കള്‍ കണ്ടത്. രാഹുല്‍ ഇഫക്ട് മലബാറില്‍ മാത്രം ഒതുങ്ങുമെന്നും അവര്‍ കരുതി. എന്നാല്‍ വയനാട്ടില്‍ മാത്രമല്ല, കേരളത്തിലെ ന്യൂനപക്ഷങ്ങളിലും രാഹുല്‍ വിജയം നേടി. ഉത്തര്‍പ്രദേശിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പ്രിയങ്ക പരാജയപ്പെട്ടിരിക്കാം. എന്നാല്‍ കേരളത്തിലെ സ്ത്രീ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. മറ്റെവിടെയും പോകാനില്ലെന്നതിനാല്‍ പ്രിയങ്കയും, രാഹുലും ഇടയ്ക്കിടെ കേരളത്തിലേക്ക് വന്നേക്കാം. ഇത് പിണറായിയ്ക്ക് വലിയ വെല്ലുവിളിയാവാനിടയുണ്ടെന്നും ലേഖനം വിലയിരുത്തുന്നു.

4. പാര്‍ലമെന്ററി സീറ്റുകളില്‍ എം.എല്‍.എമാരെ നിര്‍ത്തി

ലോക്‌സഭയില്‍ പറ്റാവുന്നത്ര സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യമിട്ട് പിണറായി വിജയന്‍ തന്നെയാണ് 20 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെയും തീരുമാനിച്ചത്. അതില്‍ ആറ് സിറ്റിങ് എം.എല്‍.എമാര്‍ ഉള്‍പ്പെടും. പത്തനംതിട്ട എം.എല്‍.എ വീണ ജോര്‍ജ്, അരൂര്‍ എം.എല്‍.എ എ.എം ആരിഫ്, കോഴിക്കോട് നോര്‍ത്തിലെ എം.എല്‍.എ എ പ്രദീപ് കുമാര്‍ തുടങ്ങിയവരെ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചു. സി.പി.ഐ.എമ്മിന്റെ പാത സി.പി.ഐയും പിന്തുടര്‍ന്നു. എന്നാല്‍ എം.എല്‍.എമാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതില്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് അത്ര താല്‍പര്യമില്ലെന്നാണ് തോന്നുന്നതെന്നും ലേഖനം വിലയിരുത്തുന്നു.

എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ദീര്‍ഘവീക്ഷണമില്ലാത്തതും ഓരോ മണ്ഡലത്തിനും യോജിച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാത്തതുമാണ്. എന്നാല്‍ ഇതേ തന്ത്രം കോണ്‍ഗ്രസില്‍ ഫലം കാണുകയും ചെയ്തു. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, കെ. മുരളീധരന്‍ എന്നീ എം.എല്‍.എമാര്‍ ലോക്‌സഭയില്‍ ജയിക്കുകയും ചെയ്തു.

5. വി.എസ് അച്യുതാനന്ദനെ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ നിന്നും ഒഴിച്ചു നിര്‍ത്തി

2016ല്‍ അധികാരത്തിലെത്തിയതിനു പിന്നാലെ പിണറായി വിജയന്‍ അധികാരം തന്നിലേക്ക് കേന്ദ്രീകരിക്കുകയും പാര്‍ട്ടിയിലെ എതിരാളിയും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദനെ ഒതുക്കുകയും ചെയ്തു. ജനങ്ങളുമായി നല്ല ബന്ധമുള്ള, ഏറെ ജനപ്രിയനായ രാഷ്ട്രീയ നേതാവാണ് 95 കാരനായ വി.എസ് എന്നും ലേഖനം വിലയിരുത്തുന്നു. അദ്ദേഹത്തെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പിണറായി വിജയന്‍ വി.എസിന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കി.

6. ബി.ജെ.പി ഘടകത്തേയും ത്രികോണ മത്സരത്തേയും പരിഗണിച്ചില്ല

2016ല്‍ കേരളത്തില്‍ എന്‍.ഡി.എ 14.9% വോട്ടു ഷെയര്‍ നേടിയിരുന്നു. അന്നത്തെ ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസ് വോട്ടുകളാണ് ബി.ജെ.പിയിലേക്ക് പോയതെന്നതിനാല്‍ അത് സി.പി.ഐ.എമ്മിനാണ് ഗുണം ചെയ്തതെന്ന് ലേഖനത്തില്‍ വിലയിരുത്തുന്നു. അതിനാല്‍ 2019ല്‍ ഇത് ആവര്‍ത്തിക്കുമെന്ന് വിശ്വസിച്ച പിണറായിയോട് ക്ഷമിക്കാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ടു ചെയ്തുകൊണ്ട് ബി.ജെ.പി വോട്ടര്‍മാരെ സി.പി.ഐ.എമ്മിനെ അസ്ഥിരപ്പെടുത്തുകയാണ് ചെയ്തത്. സി.പി.ഐ.എമ്മിനെയാണ് ഏറ്റവും വലിയ എതിരാളിയായി ബി.ജെ.പി കാണുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതിനാല്‍ അവര്‍ കോണ്‍ഗ്രസിനെ സഹായിച്ചിരിക്കാം. സി.പി.ഐ.എമ്മിനെ ഒതുക്കിക്കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ ഒറ്റയടിയ്ക്ക് ഇല്ലാതാക്കാമെന്നാണ് ബി.ജെ.പി വിശ്വസിക്കുന്നതെന്നും ഇന്ത്യാ ടുഡേ വിലയിരുത്തുന്നു.

7 പൊലീസിനെ കൈകാര്യം ചെയ്തതിലെ പ്രശ്‌നങ്ങള്‍

പൊലീസ് സേനയെ അമിതമായി ആശ്രയിക്കുന്നതും തിരിച്ചടിയ്ക്ക് കാരണമായി. പിണറായി വിജയനെ ഉപദേശിക്കുന്നതില്‍ സര്‍വ്വീസിലുള്ളതും വിരമിച്ചവരുമായ പൊലീസുകാരുണ്ടെന്നാണ് എതിരാളികള്‍ പറയുന്നത്. ശബരിമലയെ രാഷ്ട്രീയ, മതപരമായ വിഷയമായി കാണുന്നതിനു പകരം പിണറായി വിജയന്‍ ക്രമസമാധാന പ്രശ്‌നമായി കാണുകയും പൊലീസിനെ വലിയ തോതില്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്തത് തിരിച്ചടിയായെന്നും ലേഖനം വിലയിരുത്തുന്നു.