വാഷിങ്ടണ്‍: സി.എന്‍.എന്‍, എം.എസ് നൗ, പൊളിറ്റികോ എന്നീ മാധ്യമസ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ‘ട്രംപ് ടി.വി’ സംപ്രേഷണമാരംഭിച്ച് വൈറ്റ് ഹൗസ്.

വിലക്കേര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം അഭിപ്രായസ്വാതന്ത്ര്യം ഉള്‍പ്പെടുന്ന ഒന്നാം അമെന്റ്‌മെന്റിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് മാധ്യമസ്ഥാപനങ്ങളും ഫെഡറല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപ് ടി.വിയുടെ പ്രഖ്യാപനം വന്നത്.

ഭരണകൂടത്തിന്റെ പ്രഖ്യാപനങ്ങള്‍, പ്രസിഡന്റിന്റെ പ്രസ്താവനകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 24/7 ഡിജിറ്റല്‍ ടി.വി പ്ലാറ്റ്‌ഫോമായ ‘ട്രംപ് ടി.വി: ദി എസന്‍ഷ്യല്‍സ് സ്റ്റേഷന്‍’ തിങ്കളാഴ്ച സംപ്രേഷണമാരംഭിക്കുമെന്നാണ് വൈറ്റ് ഹൗസ് സോഷ്യല്‍ മീഡിയ ഹാന്റിലുകളിലൂടെ അറിയിച്ചത്.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ 5:30 ഓടെ യൂട്യൂബില്‍ ലൈവ് ആരംഭിച്ചിട്ടുണ്ട്.

വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നു എന്നാരോപിച്ചാണ് സി.എന്‍.എന്‍, എം.എസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമസ്ഥാപനങ്ങളെ വൈറ്റ് ഹൗസ് വിലക്കിയത്. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വിലക്ക് പ്രഖ്യാപിച്ചത്.

തന്റ ഭരണകൂടത്തെക്കുറിച്ച് വ്യാജവാര്‍ത്തകളും കെട്ടുകഥകളും നുണകളും പ്രചരിപ്പിക്കുന്നു എന്നാണ് ട്രംപ് പറഞ്ഞത്. മറ്റ് മാധ്യമസ്ഥാപനങ്ങള്‍ക്കും സമാനമായ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഈ മാധ്യമങ്ങളുടെ വൈറ്റ് ഹൗസ് ക്രെഡെന്‍ഷ്യലുകള്‍ മുന്നറിയിപ്പോ നടപടിക്രമങ്ങളോ ഇല്ലാതെ റദ്ദാക്കിയതായെന്ന് വാദിച്ചാണ് തിങ്കളാഴ്ച ഇവര്‍ ഫെഡറല്‍ ലോ സ്യൂട്ട് ഫയല്‍ ചെയ്തത്.

ഇതിനുപിന്നാലെ ട്രംപിന്റെ ടെലിവിഷന്‍ പൂള്‍ കവറേജ് നിര്‍ത്തിവെക്കുന്നതായി മറ്റ് മാധ്യമങ്ങളും പ്രഖ്യാപിച്ചു.

‘പൊതുജനങ്ങള്‍ക്ക് അവരുടെ സര്‍ക്കാരിനെക്കുറിച്ചുള്ള കൃത്യവും സ്വതന്ത്രവുമായ വിവരങ്ങള്‍ ലഭിക്കുന്നതില്‍ നിര്‍ണായകമായ താല്‍പ്പര്യമുണ്ട്. ഒരു ഭരണകൂടവും ഒരു വാര്‍ത്താ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടിംഗിനെ എതിര്‍ക്കുന്നു എന്ന കാരണത്താല്‍ അതിനെ നിയന്ത്രിക്കരുത്’ എന്ന് നെറ്റ്‌വര്‍ക്കുകള്‍ പിന്നീട് ഒരു സംയുക്ത പ്രസ്താവന ഇറക്കി.

പൂള്‍ കവറേജിനു കീഴില്‍ പ്രസിഡന്റിന്റെ പരിപാടികള്‍ പകര്‍ത്തുന്നതിനും ലോകമെമ്പാടുമുള്ള പ്രക്ഷേപകര്‍ക്ക് ദൃശ്യങ്ങള്‍ പങ്കിടുന്നതിനുമുള്ള ഉത്തരവാദിത്തം നെറ്റ്‌വര്‍ക്കുകള്‍ പങ്കിടുന്നുണ്ട്. മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്ന് ഇന്നലെ നടന്ന ട്രംപിന്റെ വൈറ്റ് ഹൗസ് പരിപാടികള്‍ ആരും കവര്‍ ചെയ്തിരുന്നില്ല.

റഷ്യയ്ക്കും നോര്‍ത്ത് കൊറിയയ്ക്കും ശേഷം ഭരണകൂടത്തിന്റെ ഉടമസ്ഥതയില്‍ മാധ്യമമുള്ള രാജ്യമായി യു.എസ് മാറിയെന്ന പരിഹാസം ട്രംപ് നേരിടുന്നുണ്ട്.

Content Highlight: Amid Trump’s clash with, CNN, Politico, MS Now , White House launches Trump TV