വില്‍നിയസ്: ഗസയിലെ അധിനിവേശത്തിന്റെയും യുദ്ധക്കുറ്റങ്ങളുടെയും പശ്ചാത്തലത്തില്‍ ഇസ്രഈലിനെ അന്താരാഷ്ട്ര സാംസ്‌കാരിക വേദികളില്‍ നിന്ന് ഒറ്റപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, 2027-ലെ യൂറോവിഷന്‍ ഗാനമേള ബഹിഷ്‌കരിക്കില്ലെന്ന് പ്രഖ്യാപിച്ച് ലിത്വാനിയ.

ഇസ്രഈലിന്റെ പങ്കാളിത്തത്തില്‍ പ്രതിഷേധിച്ച് പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങള്‍ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ബാള്‍ട്ടിക്ക് രാഷ്ട്രമായ ലിത്വാനിയ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

സംഘാടകരായ യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്റെ കൂട്ടായ തീരുമാനങ്ങളെയും നിലപാടിനെയും പിന്തുണയ്ക്കുമെന്നാണ് ലിത്വാനിയന്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ എല്‍.ആര്‍.ടി അറിയിച്ചത്.

രാഷ്ട്രീയ കാരണങ്ങളാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നത് പരിഗണനയിലില്ലെന്നും 2027-ലെ മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന കലാകാരന്മാരെ കണ്ടെത്താനായി
EUROVIZIJA.LT വഴി അപേക്ഷകള്‍ സ്വീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അവര്‍ വ്യക്തമാക്കി.

അതേസമയം, ഇസ്രഈലിന്റെ പങ്കാളിത്തം മത്സരത്തിന്റെ നിഷ്പക്ഷതയെയും സമാധാന സന്ദേശത്തെയും ചോദ്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി അയര്‍ലന്‍ഡിലെ ഐ.ആര്‍.ടി.ഇ, നെതര്‍ലന്‍ഡ്‌സിലെ ആവറോട്രോസ് എന്നീ ദേശീയ ചാനലുകള്‍ 2027-ലെ യൂറോവിഷന്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന മത്സരങ്ങളില്‍ സ്‌പെയിന്‍, ഐസ്ലാന്‍ഡ്, സ്ലൊവേനിയ തുടങ്ങിയ രാജ്യങ്ങളും പ്രതിഷേധ സൂചകമായി പിന്മാറുകയും തത്സമയ സംപ്രേക്ഷണം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

ഇസ്രഈല്‍ സര്‍ക്കാരിന്റെ സാംസ്‌കാരിക നയങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും ബ്രോഡ്കാസ്റ്റിംഗ് യൂണിയന്‍ കൂട്ടുനില്‍ക്കുകയാണെന്ന ആഗോള തലത്തിലെ വിമര്‍ശനവും ആര്‍ട്ടിസ്റ്റുകളുടെ പ്രതിഷേധവും നിലനില്‍ക്കെ, ലിത്വാനിയയുടെ ഈ തീരുമാനം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ രാഷ്ട്രീയ ചേരിതിരിവ് കൂടുതല്‍ വ്യക്തമാക്കുന്നതാണ്. 2027 മേയ് 15-ന് ബള്‍ഗേറിയയിലെ ബുര്‍ഗാസിലാണ് അടുത്ത യൂറോവിഷന്‍ സംഗീതോത്സവം നിശ്ചയിച്ചിരിക്കുന്നത്.

 

Content Highlight: Eurovision 2027: Lithuania says it will not join the boycott over Israel’s participation.