വോട്ടവകാശം പോലുള്ള അടിസ്ഥാന ജനാധിപത്യ അവകാശങ്ങൾ അടക്കം അട്ടിമറിച്ച്, ഭരണഘടനയെ നോക്കുകുത്തിയാക്കി, അദാനി -അംബാനിമാരുടെ പാവ ഭരണമായി മാറിയിരിക്കുന്ന മോദി – ഷാ ഭരണം സാധാരണ മനുഷ്യരുടെ ജീവിതം അതീവ ദുഃസ്സഹമാക്കിയിരിക്കുകയാണ്.

കർഷകരും, വിദ്യാർത്ഥികളും, യുവജനങ്ങളും ഇന്ന് തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നതും അവരുടെ മുന്നിൽ മറ്റ് മാർഗ്ഗങ്ങൾ അവശേഷിക്കുന്നില്ലെന്നതു കൊണ്ടു തന്നെയാണ്.

വോട്ട് ചോരിക്കെതിരായി രാജ്യ തലസ്ഥാനത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിൽ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഒരൊറ്റ ബ്ലോക്ക് ആയി പങ്കെടുത്തു കൊണ്ടിരിക്കുന്നു.

പ്രതിഷേധത്തിന്റ ഭാഗമായി രാജ്‌ഘട്ടിൽ ഇന്ത്യാ മുന്നണിയുടെ പ്രതിപക്ഷ എം.പിമാർ ഒത്തുചേർന്നപ്പോൾ

ഇന്ത്യാ സഖ്യത്തിൽ നിന്നും അകന്നു മാറി നിന്നിരുന്ന ആം ആദ്മി പാർട്ടിയും, ഭരണപക്ഷത്തിന് പിന്തുണ നൽകിക്കൊണ്ടിരുന്ന ബി.ജെ.ഡിയും പ്രക്ഷോഭത്തിൽ പങ്കാളികളാണ് എന്നത് ആശ്വാസകരമാണ്. അപ്പോഴും ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായുള്ള ഒരുമിച്ചുള്ള മുന്നേറ്റത്തിന് വിഘാതമാകുന്ന പ്രസ്താവനകളുമായി നേതൃത്വങ്ങളിൽ ഉള്ളവർ തന്നെ കടന്നുവരുന്നത് ആശ്ചര്യകരമായ സംഗതിയാണ്.

ഫാസിസത്തിനെതിരായ വിശാല സഖ്യം അനിവാര്യമാകുന്നതെന്തുകൊണ്ട്?

സ്വേച്ഛാധിപത്യപരമായ ദേശീയത, അക്രമത്തെ മഹത്വവൽക്കരിക്കൽ, ജനാധിപത്യ സ്ഥാപനങ്ങളെ അടിച്ചമർത്തൽ, ഇരകളെ സൃഷ്ടിക്കൽ, അമിത ദേശീയതാ വാദം എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ട ഒരു രാഷ്ട്രീയ പ്രതിഭാസമാണ് ഫാസിസം.

സമൂഹത്തെ മതത്തിൻ്റെയും ജാതിയുടെയും പേരിൽ കൂടുതൽ കൂടുതലായി വിഭജിക്കുവാനും അധികാര കേന്ദ്രീകരണം സാധ്യമാക്കുവാനും ഉള്ള ഫാസിസത്തിൻ്റെ നിരന്തര പ്രയത്നത്തിന് തടയിടാൻ ഒറ്റപ്പെട്ടതും ചിതറിയതുമായ പ്രതിഷേധങ്ങൾക്ക് സാധ്യമല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്.

കർഷകർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, പ്രൊഫഷണലുകൾ, ലിബറലുകൾ, സോഷ്യൽ ഡെമോക്രാറ്റുകൾ, ഭരണഘടനാപരമായ ക്രമത്തെ വിലമതിക്കുന്ന യാഥാസ്ഥിതികർ, വംശീയ-സാംസ്കാരിക ന്യൂനപക്ഷങ്ങൾ, വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള സാധാരണ പൗരന്മാർ എന്നിവരെല്ലാം ചേർന്നുള്ള വിപുലമായൊരു ജനകീയ മുന്നേറ്റത്തിന് മാത്രമേ ഫാസിസ്റ്റ് ഭരണകൂടത്തെ നീക്കം ചെയ്യാൻ സാധിക്കുകയുള്ളൂ.

ഇത്തരത്തിലുള്ള വിശാലമായ സഖ്യങ്ങൾക്ക് മാത്രമേ ഫാസിസ്റ്റ് ഭരണത്തെ നിയന്ത്രിക്കാനോ പരാജയപ്പെടുത്താനോ കഴിഞ്ഞിട്ടുള്ളൂ എന്ന് ചരിത്രം തെളിയിക്കുന്നു.

ഒന്നും രണ്ടും ലോകയുദ്ധത്തിനിടയിലുള്ള കാലഘട്ടത്തിൽ, ജനാധിപത്യ ശക്തികൾക്കിടയിലുണ്ടായിരുന്ന ഭിന്നത മുതലെടുത്തു കൊണ്ടാണ് ഇറ്റലിയിൽ ബെനിറ്റോ മുസ്സോളിനിയുടെ ഫാസിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത് എന്നത് ചരിത്ര യാഥാർത്ഥ്യമാണ്.

അക്കാലത്തെ ഫാസിസ്റ്റ് അർദ്ധസൈനിക വിഭാഗമായ ‘ബ്ലാക്ക് ഷർട്ടുകൾ’ ഉയർത്തിയ ഭീഷണിയേക്കാൾ വലുതായിരുന്നു സോഷ്യലിസ്റ്റുകൾ, ലിബറലുകൾ, കത്തോലിക്കർ, യാഥാസ്ഥിതികർ എന്നിവർക്കിടയിൽ നിലനിന്നിരുന്ന പരസ്പരമുള്ള അവിശ്വാസം സമൂഹത്തിൻ്റെ അന്തഃഛിദ്രത്തിന് കാരണമായി മാറിയിരുന്നത്‌.

തെരുവിലെ അക്രമങ്ങൾ, ‘റോമിലേക്കുള്ള മാർച്ച്’ (March on Rome), പാർലമെന്ററി സ്ഥാപനങ്ങളുടെ ഘട്ടംഘട്ടമായുള്ള തകർക്കൽ എന്നിവയ്‌ക്കെതിരെ ഒറ്റപ്പെട്ടതും ഏകോപനമില്ലാത്തതുമായ ചെറുത്തുനിൽപ്പുകൾ മാത്രമേ അതിനാൽ സാധ്യമായിരുന്നുള്ളൂ. അതു കൊണ്ടു തന്നെ ഫാസിസ്റ്റ് പാർട്ടി അധികാരത്തിലേറുന്നതിന് തടയിടാൻ സാധിച്ചതുമില്ല.

പാഠം വ്യക്തമാണ്: ഫാസിസത്തിന്റെ ഏറ്റവും വലിയ സഖ്യകക്ഷി അതിനെ എതിർക്കാൻ സാധ്യതയുള്ളവർക്കിടയിലുള്ള ഭിന്നതയാണ്.

പല യൂറോപ്യൻ രാജ്യങ്ങളിലും ജനാധിപത്യ സ്ഥാപനങ്ങളുടെ പുനർനിർമ്മാണം സാധ്യമായത്, അവശേഷിച്ചിരുന്ന ഫാസിസ്റ്റ്, സ്വേച്ഛാധിപത്യ ഘടകങ്ങളെ ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള, വിവിധ വർഗ്ഗങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും ഉൾക്കൊള്ളുന്ന ധാരണകളിലൂടെയാണ്.

പരസ്പരമുള്ള സംശയമോ സങ്കുചിതമായ നേട്ടങ്ങൾക്കായുള്ള ശ്രമങ്ങളോ കാരണം ഇത്തരം സഖ്യങ്ങൾ തകർന്നയിടങ്ങളിലെല്ലാം സ്വേച്ഛാധിപത്യ പ്രവണതകൾ വീണ്ടും എളുപ്പത്തിൽ തലപൊക്കിയതായി ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.

സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ, ഭൂരിപക്ഷവാദം, അധികാര കേന്ദ്രീകരണം, സ്ഥാപനപരമായ നിയന്ത്രണ സംവിധാനങ്ങളുടെ തകർച്ച എന്നിവ ഫാസിസത്തിൻ്റെ പൂർണ്ണ വളർച്ചയിലേക്കുള്ള വഴി ശക്തിപ്പെടുത്തുന്നതായി കാണാൻ കഴിയും.

രാജ്യത്തെ മൊത്തം ജനസംഖ്യയിലെ ഏതാണ്ട് 10 ശതമാനത്തോളം ജനങ്ങളുടെ, സവിശേഷമായി ന്യൂനപക്ഷ വിഭാഗങ്ങളുടെ, വോട്ടവകാശം റദ്ദ് ചെയ്തു കൊണ്ടും, രാഷ്ട്രീയ എതിരാളികൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചും, സർവകലാശാലകൾക്കും സിവിൽ സമൂഹത്തിനും മേലുള്ള സമ്മർദ്ദങ്ങൾ സൃഷ്ടിച്ചും, വർഗ്ഗീയ ധ്രുവീകരണ ശ്രമങ്ങൾ ശക്തിപ്പെടുത്തിയും, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയും രാജ്യത്ത് ഫാസിസ്റ്റ് ഭരണം മുന്നേറിക്കൊണ്ടിരിക്കുകയാണ്.

നിലവിലെ ഇന്ത്യൻ ഭരണകൂടത്തിൻ്റെ സ്വഭാവം ഫാസിസത്തിന്റെ ക്ലാസിക്കൽ നിർവചനങ്ങളുമായി പൂർണ്ണമായും ഒത്തുപോകുന്നുണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല; മറിച്ച്, ഇവയെല്ലാം ഒരേ ചരിത്രപാഠമാണ് അടിവരയിടുന്നത്: ചിതറിപ്പോയ പ്രതിപക്ഷം അധികാര കേന്ദ്രീകരണത്തിന് ശ്രമിക്കുന്ന ശക്തികൾക്ക് തങ്ങളുടെ സ്വാധീനം വിപുലപ്പെടുത്താൻ അവസരമൊരുക്കുന്നു എന്നതാണ്.

ഇന്ത്യ മുന്നണി രൂപീകരണ നാളുകളിൽ

ഇത്തരം അധികാര കേന്ദ്രീകരണത്തെ ഇന്ത്യൻ ജനത എങ്ങിനെ നേരിട്ടു എന്നത് സംബന്ധിച്ച് രാജ്യത്തിൻ്റെ സ്വന്തം ചരിത്രത്തിൽ നിന്ന് തന്നെ പാഠങ്ങൾ കണ്ടെടുക്കാവുന്നതാണ്.

1977-ൽ അടിയന്തരാവസ്ഥാ ഭരണകൂടത്തെ പരാജയപ്പെടുത്തിയ വിപുലമായ ജനതാ സഖ്യം, സോഷ്യലിസ്റ്റുകൾ, യാഥാസ്ഥിതികർ, പ്രാദേശിക ശക്തികൾ, പൗരാവകാശങ്ങൾ റദ്ദാക്കിയതിൽ ആശങ്കാകുലരായ സാധാരണ പൗരന്മാർ എന്നിവരെ ഒന്നിപ്പിച്ചുനിർത്തി.

സമീപകാലത്ത്, 2020-21-ലെ കർഷക പ്രക്ഷോഭങ്ങൾ, സി.എ.എ വിരുദ്ധ മുന്നേറ്റങ്ങൾ, ഇതര സിവിൽ സൊസൈറ്റി പ്രതിഷേധങ്ങൾ എന്നിവ ഒരു കാര്യം തെളിയിച്ചു: വ്യത്യസ്ത പ്രദേശങ്ങൾ, വർഗ്ഗങ്ങൾ, സമുദായങ്ങൾ എന്നിവയ്ക്കിടയിലുള്ള ഏകോപനത്തിന് നയങ്ങൾ തിരുത്തിക്കാനും ജനാധിപത്യ ഇടം നിലനിർത്താനും കഴിയും എന്ന വസ്തുത.

2024-ലെ പൊതുതെരഞ്ഞെടുപ്പും ഇത് വ്യക്തമാക്കുന്നുണ്ട്; മികച്ച ഏകോപനം സാധ്യമാക്കിയ പ്രതിപക്ഷ പാർട്ടികൾ ഭരണകക്ഷിയുടെ ഭൂരിപക്ഷം കുറയ്ക്കുകയും കേന്ദ്രത്തിൽ സഖ്യഭരണത്തിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുകയും ചെയ്തു. ജാതി, പ്രദേശം, പ്രത്യയശാസ്ത്രം, അല്ലെങ്കിൽ വ്യക്തിപരമായ ശത്രുത എന്നിവയാൽ പ്രതിപക്ഷം വിഭജിക്കപ്പെടുമ്പോൾ, വിയോജിപ്പിനുള്ള ഇടം ചുരുങ്ങുന്നു.

അതിനാൽ, ഭരണഘടനാപരമായ മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്നവർ, ലിബറലുകൾ, സാമൂഹിക നീതിക്കായുള്ള പ്രസ്ഥാനങ്ങൾ, മതന്യൂനപക്ഷങ്ങൾ, ഇന്ത്യൻ ഭരണഘടനയുടെ ബഹുസ്വരതയിൽ വിശ്വസിക്കുന്ന പൗരന്മാർ എന്നിവരെയെല്ലാം ഉൾക്കൊള്ളുന്ന വിപുലമായൊരു ജനകീയ സഖ്യം അനിവാര്യമാണ്.

സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം സംരക്ഷിക്കാനും ന്യൂനപക്ഷ അവകാശങ്ങൾ കാത്തുസൂക്ഷിക്കാനും ഇത്തരം സഖ്യം ആവശ്യമാണ്.

രാഷ്ട്രീയമായ ഭിന്നതകൾ മറന്നു കൊണ്ടോ, ഇല്ലായ്മ ചെയ്തു കൊണ്ടോ ആയിരിക്കണം ഇത്തരത്തിലുള്ള സഖ്യങ്ങൾ സാധ്യമാക്കേണ്ടത് എന്ന് ഇതിന് അർത്ഥമില്ല. ഫാസിസത്തിനും സ്വേച്ഛാധിപത്യ പ്രവണതകൾക്കുമെതിരായ സഖ്യങ്ങളിൽ എപ്പോഴും അഭിപ്രായഭിന്നതകൾ നിലനിന്നിട്ടുണ്ട്.

എന്നാൽ, മുൻഗണനകളുടെ കാര്യത്തിൽ അവർക്ക് ഒരേ നിലപാടാണുള്ളത്: രാഷ്ട്രീയ ബഹുസ്വരതയുടെ സംരക്ഷണം, നിയമവാഴ്ച, രാഷ്ട്രീയ അക്രമത്തെ തള്ളിക്കളയൽ എന്നിവയ്ക്ക് മറ്റെന്തിനേക്കാളും പ്രാമുഖ്യം നൽകപ്പെടേണ്ടതുണ്ട്.

ഈ മുൻഗണനകൾ വ്യാപകമായി പങ്കുവെക്കപ്പെടുമ്പോൾ, ചിതറിപ്പോകാതെ തന്നെ വിശാല സഖ്യത്തിൻ്റെ നിലനിൽപ്പ് സാധ്യമാകും. മറ്റിടങ്ങളിലെന്നപോലെ ഇന്ത്യയിലും, ജനാധിപത്യത്തെ ഒറ്റയ്ക്ക് സംരക്ഷിക്കാൻ ഏതെങ്കിലും ഒരു പാർട്ടിക്കോ ആശയധാരയ്ക്കോ സമുദായത്തിനോ കഴിയില്ലെന്ന് പൗരന്മാർ തിരിച്ചറിയുന്നതിനെ ആശ്രയിച്ചിരിക്കും തുറന്നതും, ഭരണഘടനാധിഷ്ഠിതവും ആയ ഒരു സമൂഹ സൃഷ്ടി.

തീർച്ചയായും ഇന്ത്യയിലെ യുവജനങ്ങളിൽ നിന്ന് ഉയർന്നു വന്ന പുത്തൻ പ്രസ്ഥാനത്തിന് രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ആ ദിശയിലേക്ക് നയിക്കാനുള്ള ശേഷിയും ആർജ്ജവവും ഉണ്ട് എന്ന് തന്നെ കരുതുന്നു.

Content Highlight:The fragmented protest and opposition—and the strength of fascism.