തല്ലുമാലയിലെ സത്താറിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് സ്വാതി ദാസ് പ്രഭു.
ചിത്രത്തിലെ സത്താറിന്റെ ഡയലോഗുകളും ആറ്റിറ്റിയൂഡുമെല്ലാം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു.
ഒരു പാട്ടിലൂടെ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുകയാണ് താരം. നേരത്തെ തന്നെ സംഗീതമേഖലയില്‍ കഴിവ് തെളിയിച്ചിട്ടുള്ളയാളാണ് സ്വാതി ദാസ്. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമായി താന്‍ പാടിയ പല കവറുകളും താരം നേരത്തെ തന്നെ പോസ്റ്റ് ചെയ്യാറുണ്ട്.
തല്ലുമാലയിലെ കഥാപാത്രത്തിലും പാട്ടിന്‍റെ എലമെന്‍റുകളുണ്ടായിരുന്നു. സത്താര്‍ റാപ്പ് ചെയ്യുന്ന ഭാഗങ്ങള്‍ ചിത്രത്തിലുണ്ട്.

ഇപ്പോള്‍ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് സ്വാതി ദാസ് പാടുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ‘കാതില്‍ തേന്‍മഴയായി പാടു കാറ്റേ കരളേ…’ എന്ന ഗാനമാണ് സ്വാതി പാടുന്നത്.
തിരക്കഥാകൃത്ത് ഹര്‍ഷദടക്കമുള്ള അണിയറ പ്രവര്‍ത്തകര്‍ പാട്ട് ആസ്വദിക്കുന്നതും വീഡിയോയിലുണ്ട്. സ്വാതി അതിമനോഹരമായാണ് പാടുന്നതെന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍.
അതേസമയം പുഴുവിനും ഉണ്ടക്കും ശേഷം ഹര്‍ഷദ് തിരക്കഥയൊരുക്കുന്ന കഠിന കഠോരമീ അണ്ഡകടാഹം സംവിധാനം ചെയ്യുന്നത് നവാഗതനായ മുഹാഷിനാണ്. ചിത്രം നിര്‍മ്മിക്കുന്നത് നൈസാം സലാമാണ്. ബേസില്‍ ജോസഫാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഗോവിന്ദ് വസന്തയാണ് സംഗീതം. മുഹ്സിന്‍ പരാരിയും ഷറഫും ചേര്‍ന്നാണ് പാട്ടിന് വരികള്‍ എഴുതുന്നത്. തല്ലുമാലക്ക് വേണ്ടി മുഹ്സിന്‍ എഴുതിയ പ്രാദേശിക സ്ലാങ്ങിലുള്ള വരികള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
