കളിക്കളത്തില്‍ അവനെ തടഞ്ഞു നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്: തിയാഗോ സില്‍വ
Football
കളിക്കളത്തില്‍ അവനെ തടഞ്ഞു നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്: തിയാഗോ സില്‍വ
സുദേവ് എ
Sunday, 9th August 2026, 10:12 am

ആധുനിക ഫുട്ബോള്‍ ഇതിഹാസങ്ങളില്‍ ലയണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മികച്ചതെന്ന സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്. ഗോട്ട് ഡിബേറ്റില്‍ പല താരങ്ങള്‍ക്കും പരിശീലകര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.

ഇരുതാരങ്ങളെയും കളിക്കളത്തില്‍ നേരിട്ടപ്പോള്‍ പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടിയ താരം ആരാണെന്ന് ബ്രസീലിയന്‍ ഇതിഹാസം തിയാഗോ സില്‍വ തുറന്നു പറഞ്ഞിരുന്നു. റൊണാള്‍ഡോയെ മറികടന്നുകൊണ്ട് മെസിയെ കുറിച്ചായിരുന്നു തിയാഗോ സില്‍വ സംസാരിച്ചിരുന്നത്. ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സില്‍വ മെസിയെക്കുറിച്ച് സംസാരിച്ചിരുന്നത്.

‘മെസിയെ തടഞ്ഞ് നിര്‍ത്തുക കുറച്ച് ബുദ്ധിമുട്ടാണ്. റൊണാള്‍ഡോയെ പ്രതിരോധിക്കുക അത്ര എളുപ്പമാണെന്നല്ല പറഞ്ഞത്. എന്നാല്‍ മെസിയാണ് കൂടുതല്‍ അപകടകാരിയായ താരം. എങ്കിലും മെസിയും റൊണാള്‍ഡോയും മികച്ച താരങ്ങളാണ്. റൊണാള്‍ഡോയെക്കാളും മെസിയെ ഡിഫന്‍ഡ് ചെയ്യാനാണ് ബുദ്ധിമുട്ടെന്നാണ് ഞാന്‍ മനസിലാക്കിയത്,’ തിയാഗോ സില്‍വ പറഞ്ഞു.

മെസി തന്റെ 39ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2026 ലോകകപ്പില്‍ മിന്നും പ്രകടനമായിരുന്നു അര്‍ജന്റീനക്കായി മെസി നടത്തിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്.

ക്ലബ്ബ് തലത്തിലും ഇതിഹാസ കരിയറാണ് മെസി സ്വന്തമാക്കിയത്. ബാഴ്സലോണയില്‍ കളിച്ചാണ് മെസി ലോക ഫുട്‌ബോളില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയത്. ബാഴ്‌സയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും നേടിയ താരവും മെസി തന്നെയാണ്. 672 ഗോളുകളും 303 അസിസ്റ്റുകളുമാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി സ്വന്തമാക്കിയത്.

2021ലാണ് മെസി 21 വര്‍ഷത്തെ തന്റെ ബാഴ്‌സയിലെ അവിസ്മരണീയമായ കരിയറിന് വിരാമമിട്ടത്. ബാഴ്‌സയില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്നിക്കാണ് മെസി ചേക്കേറിയത്. പി.എസ്.ജിയില്‍ നിന്നും 2023ല്‍ മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മയാമിയിലേക്കും താരം കൂടുമാറി.

മറുഭാഗത്ത് 41ാം വയസില്‍ തന്റെ ആറാം ലോകകപ്പിനിറങ്ങിയ റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

ക്ലബ്ബ് ഫുട്‌ബോളിലും തന്റെ കാല്‍പാടുകള്‍ സൃഷ്ടിക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളില്‍ ഒരാളാണ് റൊണാള്‍ഡോ. 2009ലാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സ്പാനിഷ് ടീമിലേക്ക് ചേക്കേറിയ റൊണാള്‍ഡോ ലോസ് ബ്ലാങ്കോസിനായി 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകള്‍ സ്വന്തമാക്കി.

നീണ്ട ഒമ്പത് വര്‍ഷത്തെ റയല്‍ ജീവിതത്തിന് ശേഷം 2018ല്‍ താരം യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. യുവന്റസില്‍ നിന്നും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്കും റൊണാള്‍ഡോ കൂടുമാറി. റെഡ് ഡെവിള്‍സില്‍ നിന്നും സൗദി ക്ലബ്ബായ അല്‍ നസറിലേക്കാണ് റൊണാള്‍ഡോ ചേക്കേറിയത്. സൗദിയില്‍ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ പുറത്തെടുക്കുന്നത്.

 

Content Highlight: Thiago Silva talks about Lionel Messi and Cristiano Ronaldo

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.