ന്യൂദല്‍ഹി: ബീഹാര്‍ മുന്‍ ആരോഗ്യവകുപ്പ് മന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിനെതിരെ പരാതിയുമായി ഭാര്യ. തേജ് പ്രതാപ് യാദവ് കഞ്ചാവിന് അടിമയാണെന്നും തന്നെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും ഐശ്വര്യ പരാതിയില്‍ പറയുന്നു.

വിവാഹം കഴിഞ്ഞശേഷമാണ് തേജ് ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞത്. അദ്ദേഹം സ്വയം
ഭഗവാന്‍ ശിവന്റെ അവതാരമാണെന്നാണ് അവകാശപ്പെടുന്നത്.

‘ഭഗവാന്‍ കൃഷ്ണന്റെ വേഷം ധരിക്കാറുണ്ട്. വിവാഹം കഴിഞ്ഞയുടനെ ഞാന്‍ അത് മനസിലാക്കുകയായിരുന്നു. ഇത് മാത്രമല്ല. ഒരിക്കല്‍ ലഹരി ഉപയോഗിച്ച ശേഷം തേജ് രാധയെപോലെ വസ്ത്രങ്ങള്‍ ധരിച്ചു. വിഗും മേക്കപ്പും അദ്ദേഹം ഉപയോഗിച്ചിരുന്നെന്നും’ ഐശ്വര്യ പറയുന്നു.

ഇക്കാര്യം താന്‍ ബന്ധുക്കളോട് പറഞ്ഞിരുന്നെങ്കിലും തന്നെ ആരും സഹായിച്ചില്ലെന്നും ഐശ്വര്യ പറഞ്ഞു.

‘ഇക്കാര്യം താന്‍ തേജ് പ്രതാപിന്റെ അമ്മയോടും സഹോദരിയോടും പറഞ്ഞിരുന്നു. എന്നാല്‍ തേജിന്റെ ഭാഗത്തുനിന്ന് മുമ്പൊരിക്കലും ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടായിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്.’ ഐശ്വര്യ വ്യക്തമാക്കി.

കഞ്ചാവ് ഉപയോഗിക്കരുതെന്ന് പറഞ്ഞപ്പോള്‍, ഭഗവാന്‍ ശിവന്‍ ഉപയോഗിച്ചിരുന്നത് തനിക്ക് ഉപേക്ഷിക്കാനാകില്ലെന്നായിരുന്നു തേജിന്റെ മറുപടിയെന്നും ഐശ്വര്യ വ്യക്തമാക്കി. തന്നെ ശാരീരികമായി മര്‍ദ്ദിച്ചിരുന്നെന്നും ജീവിതം തകര്‍ത്തെന്നും പരാതിയില്‍ പറയുന്നുണ്ട്.

2018 ലായിരുന്നു ഇരുവരുടേയും വിവാഹം കഴിഞ്ഞത്. ആറ് മാസത്തിന് ശേഷം വിവാഹ മോചനമാവശ്യപ്പെട്ട് തേജ് പരാതി നല്‍കിയിരുന്നു.