കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ പ്രതിയായ കൊടി സുനിക്ക് തോക്ക് നിര്‍മ്മിച്ചു നല്‍കിയ ആളെ അന്വേഷണം സംഘം അറസ്റ്റ് ചെയ്തു. റോക്കറ്റ് തങ്കച്ചന്‍ എന്ന് അറിയപ്പെടുന്ന കേളകം തടത്തില്‍ തങ്കച്ചനാണ് അറസ്റ്റിലായത്.

13,000 രൂപയ്ക്കാണ് ഇയാള്‍ കൊടി സുനിക്ക് തോക്കും കഠാരയും നിര്‍മ്മിച്ചു നല്‍കിയത്. തോക്ക് നല്‍കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച രണ്ടു സി.പി.ഐ.എം പ്രാദേശിക നേതാക്കള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം ടി.പി. വധക്കേസില്‍ പ്രതിയായ കോടിയേരി പാറാല്‍ മേലെ ചിരുവന്‍കണ്ടി വീട്ടില്‍ കൂരാപ്പന്‍ എന്ന രജികാന്ത് തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് വി.ശിര്‍സി ഇന്നു വിധി പറയും.

കൊല്ലപ്പെടുന്നതിനു മുമ്പു ചന്ദ്രശേഖരനെ പിന്തുടര്‍ന്നു കൊലയാളി സംഘത്തിനു വിവരങ്ങള്‍ നല്‍കിയത് ഉള്‍പ്പെടെ സംഭവത്തില്‍ പ്രധാന പങ്കുള്ളതിനാല്‍ രജികാന്തിനു മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നു പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ. എം.ജെ ജോണ്‍സണ്‍ കോടതിയില്‍ പറഞ്ഞിരുന്നു.

ഇന്നോവ കാര്‍ അക്രമിസംഘത്തിനു തരപ്പെടുത്തിയതും കാറിനു വേണ്ടി ചെക്കും പേപ്പറും ഒപ്പിട്ടതും രജികാന്താണ്.