ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ മലയാളത്തില്‍ ഇന്ന് ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന അഭിനേതാവാണ് നിവിന്‍ പോളി.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ തന്റെ സ്വപ്രയത്‌നം കൊണ്ട് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നിവിന്‍ പിന്നീട് നല്ല ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമാകുകയും മലയാള സിനിമയില്‍ തന്റെ സ്ഥാനം നേടിയെടുക്കുകയും കേരളത്തിന് പുറത്തേക്ക് തന്റെ സ്റ്റാര്‍ഡം വ്യാപിപിക്കുകയുമായിരുന്നു.

റൊമാന്റിക് കോമഡി എന്റര്‍ടെയിനര്‍ ചിത്രങ്ങളില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ നിവിന് എന്നാല്‍ 2019ല്‍ പുറത്തിറങ്ങിയ ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം തുടര്‍പരാജയങ്ങളായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത്. തന്റെ കംഫര്‍ട്ട് സോണിന് പുറത്ത് നിവിന്‍ ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഡിസാസ്റ്ററായി മാറുകയായിരുന്നു. താരത്തിന്റെ ശരീര ഭാരത്തെ അടക്കം ട്രോളിക്കൊണ്ട് ഇക്കാലയളവില്‍ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു.

നിവിന്‍ പോളി. Photo: X.com

ഇതോടെ താരം ഫീല്‍ഡ് ഔട്ടായെന്നടക്കം വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. ഇത്തരക്കാര്‍ക്കുള്ള മറുപടിയായിട്ടായിരുന്നു 2025 ഡിസംബറില്‍ പുറത്തിറങ്ങിയ സര്‍വ്വം മായയുമായി നിവിനെത്തിയത്. 150 കോടി നേടിയ വിജയത്തിലൂടെ താന്‍ ഇവിടെ തന്നെയുണ്ടെന്ന് താരം വിളിച്ചുപറയുകയായിരുന്നു. എന്നാല്‍ സര്‍വ്വം മായ വെറുമൊരു സാമ്പിള്‍ വെടിക്കെട്ടാണെന്ന് തെളിയിക്കുന്നതായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത നിവിന്‍ ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റിന്റെ ബോക്സ് ഓഫീസ് പെര്‍ഫോമന്‍സ്.

നിവിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സമയത്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ നിതിന്‍ മോളി എന്ന കഥാപാത്രമായി കാമിയോ റോളില്‍ നിവിന്‍ പോളിയും എത്തിയിരുന്നു.

തനിക്കെതിരെ വിമര്‍ശനമുയര്‍ത്തുന്നവര്‍ക്കുള്ള മറുപടിയെന്ന തരത്തില്‍ നിവിന്‍ ചിത്രത്തില്‍ പറഞ്ഞ ഡയലോഗ് സിനിമാ ലോകത്ത് വലിയ രീതിയില്‍ വൈറലായിരുന്നു. ‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടാ പട്ടികളേ’ എന്ന ഡയലോഗിന് വലിയ കൈയടിയായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്. ഇപ്പോഴിതാ തന്റെ പുറത്തിറങ്ങാനിരിക്കുന്ന യേഴ് കടല്‍ യേഴ് മലൈ എന്ന ചിത്രത്തിന്റെ ഭാഗമായി സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലേക്കെത്തിയതിനെ കുറിച്ച് നിവിന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം. Photo: X.com

‘വിനീതിന്റെ വിഷനായിരുന്നു ആ കഥാപാത്രം. ആ ക്യാരക്ടര്‍ ചെയ്യാന്‍ ഞാന്‍ കുറച്ച് മടി കാണിച്ചിരുന്നു. ഇത് ശരിയാകുമോ ഇല്ലയോ എന്നുള്ള ഭയമെല്ലാം എനിക്കുണ്ടായിരുന്നു. പക്ഷേ ഞാന്‍ വിനീതിനെ വിശ്വസിച്ചു. വിനീതാണ്, നമ്മുടെ ആദ്യ ചിത്രം നല്‍കിയ സംവിധായകനാണ്. അതുകൊണ്ട് അദ്ദേഹത്തെ വിശ്വസിച്ചു. ടെന്‍ഷന്‍ ഒന്നും ഇല്ലാതെ, ചുമ്മാ പോയി ബ്ലാസ്റ്റാക്കി തിരിച്ചുവന്നു. ആ ചിത്രം കൂടുതലും ഒരു ഇമോഷണല്‍ മൂഡിലാണ്. നിതിന്‍ മോളി എന്ന കഥാപാത്രമാണ് ചിത്രത്തെ വേറെ ഒരു മൂഡ് കൊണ്ടുവരുന്നത്,’ നിവിന്‍ പോളി പറഞ്ഞു.

Content Highlight: Nivin Pauly talks about his role in Vineeth Sreenivasan movie