വരാനിരിക്കുന്ന മാസത്തില്‍ വലിയൊരു ക്ലാഷ് കാണാമെന്ന പ്രതീക്ഷയിലായിരുന്നു സൗത്ത് ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം. വമ്പന്‍ ഹൈപ്പിലൊരുങ്ങുന്ന രജിനികാന്ത് ചിത്രം ജയിലര്‍ 2വും. ധനുഷും മമ്മൂട്ടിയും നായകനായെത്തുന്ന ഓമും ഒരു ദിവസത്തെ വ്യത്യാസത്തില്‍ റിലീസിനെത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ വലിയ ആവേശത്തിലായിരുന്നു സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം. പൂജ ഹോളിഡേയ്‌സ് ലക്ഷ്യമിട്ട് ജയിലര്‍ 2 തിയേറ്ററുകളിലേക്കെത്തുമ്പോള്‍ തൊട്ടടുത്ത ദിവസം ഓം റിലീസ് ചെയ്യുമെന്നായിരുന്നു ഇരു ചിത്രങ്ങളുടെയും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

Photo: X.com

ഇപ്പോഴിതാ ധനുഷ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചെന്ന വാര്‍ത്തയാണ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട കുറിപ്പിലൂടെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ച വിവരം താരം അറിയിച്ചത്. ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.

നമ്മളെല്ലാവരും ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന രജിനികാന്ത് സാറിന്റെ ചിത്രം ഒക്ടോബര്‍ 15നാണ് റിലീസ് ചെയ്യുന്നതെന്നും ഇത് തങ്ങളുടെ ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മാത്രമാണെന്നും അതിനാല്‍ അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ഓമിന്റെ റിലീസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുന്നതായും കുറിപ്പില്‍ പറയുന്നു.

സൂര്യ നായകനായെത്തുന്ന ചിത്രത്തിന്റെ ഡേറ്റ് ഇതിനോടകം പ്രഖ്യാപിച്ചതിനാല്‍ ദീപാവലിയ്ക്കും തങ്ങളുടെ ചിത്രം റിലീസ് ചെയ്യില്ലെന്നും ധനുഷ് അറിയിച്ചു. സിനിമാ ഇന്‍ഡസ്ട്രിയുടെ നല്ലതിന് വേണ്ടി വലിയ ബജറ്റില്‍ എത്തുന്ന ചിത്രങ്ങള്‍ തമ്മില്‍ പരസ്പര ബഹുമാനവും ധാരണയും ഉണ്ടാകേണ്ടത് അത്യാവിശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് പിന്നീട് പ്രഖ്യാപിക്കുമെന്നും കുറിപ്പിലുണ്ട്.

Photo: X.com

ഇതോടെ മോളിവുഡ് പ്രേക്ഷകര്‍ അടക്കം കാത്തിരുന്ന വലിയ ക്ലാഷാണ് നടക്കാതെ പോയിരിക്കുന്നത്. ജയിലര്‍ 2വില്‍ മോഹന്‍ലാലും ഓമില്‍ മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുന്നതിനാല്‍ തന്നെ മലയാള സിനിമാ ലോകവും വലിയ കാത്തിരിപ്പിലായിരുന്നു. ഇവര്‍ക്ക് പുറമെ തമിഴിലെ മുന്‍ സംഗീത സംവിധായകരായ അനിരുദ്ധും സായ് അഭ്യങ്കാറും തമ്മിലുള്ള ക്ലാഷെന്ന മോഹത്തിനും തിരശ്ശീല വീണിരിക്കുകയാണ്.

Content Highlight: Dhanush Movie release date postponed