രാജ്യം മുഴുക്കെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ചിത്രമാണ് രജിനികാന്തിന്റെ ജയിലര്‍ 2. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനെന്ന കഥാപാത്രമായി 2023ല്‍ നെല്‍സണ്‍ തിയേറ്ററിന് തീയിട്ടപ്പോള്‍ മുതല്‍ തന്നെ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍ ഒന്നടങ്കം. തലൈവര്‍ രജിനിയുടെ മാസും സ്വാഗും ഇരട്ടി പവറോടെ തിരിച്ചെത്തിയ ചിത്രത്തില്‍ മലയാളികളുടെ അഹങ്കാരം മോഹന്‍ലാലും കന്നട സൂപ്പര്‍താരം ശിവരാജ് കുമാറും എത്തിയപ്പോള്‍ ജയിലര്‍ കത്തിക്കയറുകയായിരുന്നു.

ചിത്രത്തിന് ഒരു രണ്ടാം ഭാഗമുണ്ടാകുമെന്ന് പ്രഖ്യാപനം വന്നതുമുതല്‍ ജയിലര്‍ 2വിന്റെ ഓരോ അപ്ഡേറ്റുകളെയും ആഘോഷമാക്കുന്ന കാഴ്ച്ചയ്ക്കായിരുന്നു പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍ ഷംന കാസിമും, രാജേഷ് മാധവനും രജിനികാന്തും അണിനിരന്ന ‘അല ബൊലോലെ’ എന്ന ഗാനവും സുരാജ് വെഞ്ഞാറമൂട്, വിദ്യാ ബാലന്‍, എസ്.ജെ സൂര്യ തുടങ്ങിയവരുടെ ക്യാരക്ടര്‍ ടീസറുകളും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

ജയിലര്‍ 2. Photo: District

എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്ന മലയാള താരങ്ങളുടെ സാന്നിധ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായാണ് സംവിധായകന്‍ നെല്‍സണ്‍ ചിത്രം ഒരുക്കുന്നതെങ്കിലും പന്ത്രണ്ടോളം മലയാളി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇതോടെ ജയിലര്‍ ഒരു മലയാള ചിത്രമായാണോ ഒരുക്കുന്നത് എന്ന രസകരമായ ചോദ്യമാണ് സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളില്‍ ഉയരുന്നത്.

ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ വിനായകനും കാമിയോ റോളിലെത്തിയ മോഹന്‍ലാലും മാത്രമാണുണ്ടായിരുന്നതെങ്കില്‍ രണ്ടാം ഭാഗത്തില്‍ സുരാജ് വെഞ്ഞാറമൂടക്കം 12 താരങ്ങളാണ് അണിനിരക്കുന്നത്. ആദ്യഭാഗത്തിലെക്കാള്‍ കൂടുതല്‍ സ്‌ക്രീന്‍ ടൈമുമായി മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രമെത്തുമ്പോള്‍ വില്ലനായ ദിലീപ് എന്ന കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് വേഷമിടുന്നത്.

ജയിലര്‍ 2. Photo: X.com

ഇരുവര്‍ക്കും പുറമെ കോട്ടയം നസീര്‍, സുനില്‍ സുഗദ, സുജിത് ശങ്കര്‍, ഹക്കീം ഷാ, വിനീത് തട്ടില്‍, രാജേഷ് മാധവന്‍, മിര്‍ണ, അന്ന രാജന്‍, ഷംന കാസിം തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന മലയാളി അഭിനേതാക്കളാണ്. ഇവര്‍ക്ക് പുറമെ ജയിലറില്‍ വര്‍മനായി ഗംഭീര പ്രകടനം കാഴ്ചവെച്ച വിനായകന്‍ രണ്ടാം ഭാഗത്തില്‍ കാമിയോ റോളിലെത്തുമെന്നും സൂചനകളുണ്ട്.

മലയാളി താരങ്ങള്‍ക്ക് പുറമെ ശിവരാജ് കുമാര്‍, വിജയ് സേതുപതി, മിഥുന്‍ ചക്രബര്‍ത്തി, എസ്.ജെ സൂര്യ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ രജിനിയ്ക്ക് എന്തായിരിക്കും ചെയ്യാനുണ്ടായിരിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എല്ലാം ഒത്തുവന്നാല്‍ തമിഴിലെ ആദ്യ 1000 കോടി ചിത്രമായി ജയിലര്‍ 2 മാറുമെന്നാണ് കണക്കുകൂട്ടല്‍. ഒക്ടോബര്‍ 15ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Presence of Malayalam actors in Jailer 2 Film