2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വിമൺസ് ക്രിക്കറ്റ് ടീം ഗോൾഡ് മെഡൽ സ്വന്തമാക്കിയിരുന്നു. കരോഗി സ്‌പോർട്‌സ് പാർക്കിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ 147 റൺസിന് തകർത്താണ് ഇന്ത്യൻ പെൺപട സ്വർണമണിഞ്ഞത്. ഇന്ത്യ ഉയർത്തിയ 217 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 69 റൺസിന് പുറത്താവുകയായിരുന്നു.
ഈ വിജയത്തിനൊപ്പം ഒരു ചരിത്ര നേട്ടമാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സ്വന്തമാക്കിയത്. ടി-20 ഫോർമാറ്റിൽ(മെൻസ്/ വിമൺ) 10 ഫൈനലുകൾ വിജയിക്കുന്ന ആദ്യ ക്യാപ്റ്റനായാണ് ഹർമൻപ്രീത് മാറിയത്.
ഏഷ്യ കപ്പ് (2012, 2016, 2022, 2026), വനിതാ ടി-20 ചലഞ്ച് (2019, 2022), വിമൺസ് പ്രീമിയർ ലീഗ് (2023, 2025), ഏഷ്യൻ ഗെയിംസ്(2023, 2026) എന്നീ ടൂർണമെന്റുകളിലാണ് ഹർമൻ വിജയിച്ചു കയറിയത്. പത്ത് ടി-20 ഫൈനലുകൾ വിജയിക്കുന്ന ചരിത്രത്തിലെ ആദ്യ ക്യാപ്റ്റൻ കൂടിയാണ് ഹർമൻ.

ഒമ്പത് ടി-20 ഫൈനലുകൾ വിജയിച്ച ഇന്ത്യൻ ഇതിഹാസ നായകൻ എം.എസ് ധോണിയെ മറികടന്നുകൊണ്ടാണ് ഹർമന്റെ കുതിപ്പ്. ടി-20 ലോകകപ്പ്(2007), ഏഷ്യ കപ്പ്(2016), ഐ.പി.എൽ (2010, 2011, 2018, 2021, 2023), ചാമ്പ്യൻസ് ലീഗ് ടി-20 (2010, 2014) എന്നീ ടൂർണമെന്റുകളുടെ ഫൈനലുകളിൽ ആയിരുന്നു ധോണി വിജയിച്ചിരുന്നത്.

അതേസമയം ഏഷ്യൻ ഗെയിംസ് ഫൈനലിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാനയുടെ അർധ സെഞ്ച്വറിയുടെയും റിച്ച ഘോഷ്, ഷെഫാലി വർമ എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സിന്റെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോർ അടിച്ചെടുത്തത്.
ഒന്നാം വിക്കറ്റിൽ ഷെഫാലിയും മന്ഥാനയും ചേർന്ന് 99 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 45 പന്തിൽ 79 റൺസാണ് സ്മൃതിയുടെ ബാറ്റിൽ നിന്നും പിറന്നത്. അഞ്ച് ഫോറുകളും ഏഴ് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ പ്രകടനം.
29 പന്തിൽ 48 റൺസ് നേടിയാണ് ഷെഫാലി മടങ്ങിയത്. നാലാം നമ്പറിൽ റിച്ച ഘോഷും തകർത്തടിച്ചതോടെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയായിരുന്നു. 22 പന്തിൽ പുറത്താകാതെ 49 റൺസാണ് താരം സ്വന്തമാക്കിയത്.
ലങ്കൻ ബൗളിങ് നിരയിൽ ചാമുദി പ്രബോധ, കവിഷ ദിൽഹാരി, സുഗന്ധിക കുമാരി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
എന്നാൽ വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ശ്രീലങ്കയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ ലങ്കയെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു.
രണ്ട് താരങ്ങൾ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. 21 പന്തിൽ 29 റൺസ് നേടിയ ക്യാപ്റ്റൻ ചമാരി അത്തപ്പത്തുവാണ് ടോപ്പ് സ്‌കോറർ. 13 പന്തിൽ 11 റൺസ് നേടിയ കവിഷ ദിൽഹാരിയാണ് ഇരട്ടയക്കം കണ്ട മറ്റൊരു താരം.
ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷെഫാലി വർമ, ശ്രീ ചാരിണി, ശ്രേയാങ്ക പാട്ടീൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.
Content Highlight: Indian captain Harmanpreet Kaur create a historical record in T20 cricket
