Sushama-Swarajന്യൂദല്‍ഹി: അഫ്ഗാനിസ്ഥാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇസ്‌ലാമാബാദിലേക്ക് . പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി സര്‍ത്താജ് അസീസുമായി സുഷമസ്വരാജ് കൂടിക്കാഴ്ച്ച നടത്തും. ദിവസങ്ങള്‍ക്ക് മുമ്പ് പാരീസില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും ബാങ്കോക്കില്‍ വെച്ച് ഇരുരാജ്യങ്ങളുടെയും ദേശീയ ഉപദേഷ്ടാക്കള്‍ തമ്മിലും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഞായറാഴ്ച്ച ബാങ്കോക്കില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റേയും ദേശീയ ഉപദേഷ്ടാക്കളായ അജിത് ദോവലും നാസിര്‍ ജാഞ്ജ്വയും തമ്മില്‍ നടന്ന രഹസ്യ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. എന്നാല്‍ സുഷമാ സ്വരാജ് പാകിസ്ഥാനില്‍ നിന്നും മടങ്ങി വന്നതിന് ശേഷം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നായിരുന്നു കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവിന്റെ വിശദീകരണം

” വിദേശകാര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ മറുപടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇതെല്ലാം സെന്‍സിറ്റീവ് ആയ വിഷയങ്ങളാണ്. അവ ആവശ്യമുള്ളപ്പോള്‍ ശരിയായ സമയത്ത് പാര്‍ലമെന്റില്‍ കൊണ്ടുവരും. വര്‍ഷങ്ങളായി ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോണ്‍്ഗ്രസിന് ഇക്കാര്യങ്ങള്‍ പരിചയമുള്ളതാണ്. അതുകൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ള പ്രസ്താവനകള്‍ നടത്തട്ടെ.” വെങ്കയ്യ നായിഡു പറഞ്ഞൂ.

അടുത്തവര്‍ഷം സാര്‍ക്ക് ഉച്ചക്കോടിക്കായുള്ള പ്രധാനമന്ത്രിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു രാജ്യം ഉച്ചകോടിയില്‍ പങ്കെടുത്തില്ലെങ്കില്‍ അത് നീട്ടിവെക്കേണ്ടിവരും. അതിര്‍ത്തികടന്നുള്ള തീവ്രവാദം, ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര, തുടങ്ങിയ വിഷയങ്ങളും സുഷമ സ്വരാജ്-സര്‍ത്താജ് അസീസ് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായേക്കും.