സൗത്ത് ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേതാവാണ് സൂര്യ. 13 വര്‍ഷത്തോളം നീണ്ട തീയേറ്ററുകളിലെ പരാജയത്തിലൂടെ താരം വലിയ പ്രതിസന്ധി നേരിട്ടിരുന്നെങ്കിലും ഈ വര്‍ഷം പുറത്തിറങ്ങിയ കറുപ്പിലൂടെ താരം തിരിച്ചുവരവ് നടത്തിയിരുന്നു. 300 കോടിയിലധികം ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയ ചിത്രത്തിന് പിന്നാലെ പുറത്തിറങ്ങിയ താരത്തിന്റെ മറ്റൊരു ചിത്രമായ വിശ്വനാഥ് ആന്‍ഡ് സണ്‍സും ഇപ്പോള്‍ തിയേറ്ററുകളില്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
വെങ്ക് അറ്റ്‌ലൂരി സംവിധാനം ചെയ്ത് മമിത ബൈജു നായികയായെത്തിയ ചിത്രം റോം-കോം ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം നേടിയ ചിത്രം മികച്ച കളക്ഷനാണ് ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കുന്നത്. നായകനും നായികയും തമ്മിലുള്ള ഏജ്-ഗ്യാപ്പ് റൊമാന്‍സിനെ പശ്ചാത്തലമാക്കിയാണ് ചിത്രം കഥ പറയുന്നത്.
ഇപ്പോഴിതാ ഹൈദരബാദില്‍ സംഘടിപ്പിച്ച ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റില്‍ സംസാരിക്കവെ സൂര്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു സിനിമയുടെ വിജയം എന്ന് പറയുന്നത് അതിന് എത്ര ടിക്കറ്റുകള്‍ വിറ്റു എന്നതിലല്ലെന്നും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരില്‍ അതുണ്ടാക്കുന്ന സ്വാധീനത്തെ ആശ്രയിച്ചാണെന്നും സൂര്യ ചടങ്ങില്‍ പറഞ്ഞു.
‘എത്ര ടിക്കറ്റുകള്‍ വിറ്റു എന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു സിനിമയുടെ വിജയത്തെ അളക്കാന്‍ പറ്റില്ല. സിനിമയ്ക്ക് ശേഷം നടക്കുന്ന സംഭാഷണങ്ങളെയും അതിന് ശേഷം പ്രേക്ഷകരിലുണ്ടാകുന്ന ഇമോഷനെയും അവരിലുണ്ടാക്കുന്ന കണ്ണീരിനെയും ചിരിയെയും എല്ലാം വിജയമായി കണക്കാക്കണം. പണം തീര്‍ച്ചയായും പ്രധാനപ്പെട്ടതാണ്. പക്ഷേ ഇത്തരത്തില്‍ ചിത്രം പ്രേക്ഷകരിലുണ്ടാക്കുന്ന സ്വാധീനം വിലമതിക്കാനാകാത്തതാണ്. അതിനാല്‍ തന്നെ വെങ്കി അറ്റ്‌ലൂരിയുടെ തിരക്കഥ വലിയ പ്രശംസ അര്‍ഹിക്കുന്നു,’ സൂര്യ പറഞ്ഞു.
Content Highlight: Suriya talks about the impact a movie can make on audience
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.