ലീക്കായിട്ടും, ആറ് മാസത്തോളം റിലീസ് തള്ളിയിട്ടും ജന നായകന് ലഭിച്ച കളക്ഷന്‍ പ്രശംസനീയമാണ്: സുരേഷ് ഷേണായി
Malayalam Cinema
ലീക്കായിട്ടും, ആറ് മാസത്തോളം റിലീസ് തള്ളിയിട്ടും ജന നായകന് ലഭിച്ച കളക്ഷന്‍ പ്രശംസനീയമാണ്: സുരേഷ് ഷേണായി
അശ്വിന്‍ രാജേന്ദ്രന്‍
Monday, 17th August 2026, 8:51 pm

ഒരുപാട് കാത്തിരിപ്പിനൊടുവില്‍ അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ജന നായകന്‍. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അട്ടിമറി വിജയം നേടി തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സ്ഥാനമേല്‍ക്കുകയും ചെയ്തതോടെ ചിത്രത്തിന് വലിയ ഹൈപ്പായിരുന്നു സിനിമാലോകത്ത് ലഭിച്ചത്. 2026 ജനുവരിയില്‍ പൊങ്കല്‍ റിലീസായി പുറത്തിറങ്ങേണ്ട ചിത്രമായിരുന്നിട്ടും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളാല്‍ റിലീസ് നീണ്ടുപോകുകയായിരുന്നു.

ഇതിനിടയില്‍ അപ്രതീക്ഷിതമായാണ് ചിത്രത്തിന്റെ കോപ്പി ഡാര്‍ക്ക് വെബ്ബില്‍ റിലീസ് ചെയ്യപ്പെട്ടത്. മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ട ചിത്രം ലക്ഷകണക്കിന് പേര്‍ കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കൊണ്ടായിരുന്നു ജൂലൈ 24ന് ചിത്രം തിയേറ്ററുകളിലെത്തിയത്. വിജയ് നായകനാകുന്ന അവസാന ചിത്രം എന്നതിലപ്പുറത്തേക്ക് ചിത്രത്തെക്കുറിച്ച് കാര്യമായ പ്രതീക്ഷകളൊന്നും ആരാധകരൊഴികെ ആര്‍ക്കും ഉണ്ടായിരുന്നില്ല. തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണെന്നതും ഒരു നെഗറ്റീവ് ഫാക്ടറായിരുന്നു.

ജന നായകന്‍. Photo: X.com

ഇത്രയധികം കാര്യങ്ങളുണ്ടായിട്ടും ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ച കളക്ഷന്‍. ആഗോളതലത്തില്‍ മുന്നൂറ് കോടിയിലധികം നേടിക്കൊണ്ടായിരുന്നു വിജയ് ബോക്‌സ് ഓഫീസില്‍ തന്റെ കരുത്ത് തെളിയിച്ചത്. കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന് തരക്കേടില്ലാത്ത കളക്ഷന്‍ ലഭിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സിനെ കുറിച്ച് തിയേറ്റര്‍ ഉടമ സുരേഷ് ഷേണായി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇത്രയധികം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടും ജന നായകന് ലഭിച്ച കളക്ഷന്‍ പ്രശംസനീയമാണെന്ന് പറയുകയാണ് അദ്ദേഹം.

ജന നായകന്‍. Photo: X.com

‘ ഈ പടത്തിന്റെ മുഴുവന്‍ കണ്ടെന്റും ലീക്കായതാണ്. അത് എത്ര പേര് കണ്ടു എന്ന് നമുക്ക് എസ്റ്റിമേറ്റ് ചെയ്യാന്‍ പറ്റില്ല. വിജയ് പടം കാണുന്ന നല്ലൊരു ശതമാനം ആളുകളും അത് കണ്ടുകഴിഞ്ഞു. വിവാദം കാരണം ആറു മാസത്തോളം ചിത്രത്തിന്റെ റിലീസ് തടയുകയും ചെയ്തു. എന്നിട്ടും അതിന് വന്ന ആ കളക്ഷന്‍ പ്രശംസനീയമാണ്. ലീക്കായത് കാരണം ആദ്യ ദിവസത്തെ കളക്ഷനില്‍ കാര്യമായ കുറവുണ്ടായെങ്കിലും കുഴപ്പമില്ലാത്ത കളക്ഷനാണ് പിന്നീടുള്ള ദിവസങ്ങളില്‍ ലഭിച്ചത്,’ സുരേഷ് ഷേണായി പറഞ്ഞു.

Content Highlight: Suresh Shenai talks about the Box office collection of Jana Nayagan Movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.